കോലഞ്ചേരി: ജെസീറ്റയ്ക്കും,അമ്മയ്ക്കും സുരക്ഷിതമായ താമസ സൗകര്യമൊരുക്കുമെന്ന് വനിതാ കമ്മീഷൻ. കോലഞ്ചേരി മെഡിക്കൽ കോളജിൽ കുഞ്ഞിനെയും അമ്മയേയും സന്ദർശിക്കാനെത്തിയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം.സി.ജോസഫൈനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കേസ് അന്വേഷണത്തെ ബാധിക്കാത്ത തരത്തിൽ ജില്ലയിൽ തന്നെ ഇവർക്ക് താമസ സൗകര്യമൊരുക്കും. നാട്ടിലേക്ക് മടങ്ങണമെന്ന കുഞ്ഞിന്റെ മാതാവിന്റെ ആവശ്യവും പരിഗണിക്കും. കേസ് അന്വേഷണം തീരുന്ന മുറക്ക് കൊവിഡ് നിയന്ത്റണങ്ങൾ പരിഗണിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കും. നാട്ടിലേക്ക് മടങ്ങുന്നതിന്റെ ചെലവുകളും സർക്കാർ വഹിക്കും.
കുഞ്ഞിനും അമ്മയ്ക്കും ആവശ്യമായ വസ്ത്രങ്ങളും കമ്മീഷൻ വാങ്ങി നൽകി. കമ്മീഷനംഗം അഡ്വ. ഷിജി ശിവജി, അഡ്വ.കെ.എസ് അരുൺകുമാർ എന്നിവരും ചെയർപേഴ്‌സണൊപ്പമുണ്ടായി.
ഈ അവസ്ഥ തുടർന്നാൽ ഒരാഴ്ചക്കകം കുഞ്ഞിനെ ഡിസ്ചാർജ് ചെയ്യാനാകുമെന്നും ഡോക്ടർമാർ പറഞ്ഞു.