ആലുവ: ദിവസേന പൈപ്പ് പൊട്ടി കുടിവെള്ളം മുടങ്ങുകയും റോഡ് തകരുകയും ചെയ്യുന്ന സാഹചര്യത്തിൽ കാലപ്പഴക്കം ചെന്ന ഭൂഗർഭ പൈപ്പുകൾ മാറ്റി സ്ഥാപിക്കണമെന്ന സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവും ജില്ലാ കളക്ടറുടെ നിർദേശങ്ങളും നടപ്പിലാക്കാത്തതിനെതിരെ ആലുവ താലുക്ക് പൗരാവകാശ സംരക്ഷന്ന സമിതി വാട്ടർ അതോറിട്ടി എക്‌സിക്യുട്ടിവ് എൻജിനീയറെ ഉപരോധിച്ചു.
സമിതി സെക്രട്ടറി സാബു പരിയാരത്ത്, ജോൺസൻ മുളവരിക്കൽ, എം.എം. പത്രോസ് കുട്ടി, ഹനീഫ കുട്ടോത്ത്, അബ്ബാസ് തോഷിബാപുരം, ഷെമീർ കല്ലുങ്കൽ, ബാബു കുളങ്ങര, അക്‌സർ സുലൈമാൻ, ഫൈസൽ ഖാലിദ്, മുസ്ഥഫ എടയപുറം, ജെബിൻ പരിയാരത്ത് എന്നിവർ പങ്കെടുത്തു.
വാട്ടർ അതോറിട്ടിയുടെ പിടിപ്പുകേടും ഉത്തരവാദിത്തമില്ലായ്മയും കാരണം മൂന്ന് ദിവസത്തോളമായി നഗരത്തിലും പരിസരപ്രദേശങ്ങളിലും കുടിവെള്ളം മുടങ്ങിയിരിക്കുകയാണ്. സമിതി മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയതിനെത്തുടർന്ന് നാല് വർഷം മുമ്പാണ് പൈപ്പുകൾ മാറ്റി സ്ഥാപിക്കാൻ കമ്മീഷൻ ഉത്തരവിട്ടത്. 40 വർഷത്തിലധികമായ ആസ്ബസ്റ്റോസ് നിർമ്മിത പൈപ്പുകൾ നിത്യേനപൊട്ടി കുടിവെള്ളം പാഴാകുകയാണ്. മാത്രമല്ല, പൈപ്പുകളിലൂടെ ലഭിക്കുന്ന വെള്ളം മാരക രോഗങ്ങൾക്ക് കാരണമാകുമെന്നും സമിതി കമ്മീഷനെ ബോധിപ്പിച്ചിരുന്നു. ഇതേത്തുടർന്ന് അന്നത്തെ എക്‌സിക്യുട്ടീവ് എൻജിനീയറടക്കമുള്ള ഉദ്യോഗസ്ഥർ കമ്മീഷൻ മുമ്പാകെ നേരിട്ട് ഹാജരായി ആസ്ബസ്റ്റോസ് പൈപ്പുകൾ മാറ്റിയാൽ മാത്രമേ പരിഹാരമാകൂവെന്നും അറിയിച്ചു. ഇതിനാവശ്യമായ ഫണ്ടില്ലെന്ന് അറിയിച്ചതിനെത്തുടർന്ന് ഫണ്ട് അനുവദിക്കാൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കമ്മീഷൻ നോട്ടീസയച്ചു.
തുടർന്ന് 2017ൽ 5.75 കോടി രുപ പാസാക്കുകയും അടുത്തവർഷം പൈപ്പുകൾ ഇറക്കിയിട്ടെങ്കിലും ഇതുവരെയും പണിയാരംഭിച്ചിട്ടില്ല. പൊതുമരാമത്ത് വകുപ്പിന്റെ പിടിവാശിയാണ് കാലതാമസത്തിന് കാരണമെന്നാണ് വാട്ടർ അതോറിട്ടി അധികാരികൾ പറയുന്നത്.