കോലഞ്ചേരി: ജെസീറ്റ ഉഷാറായി, ജീവിതത്തിലേയ്ക്ക് തിരിച്ചെത്തുന്നു. കൃത്രിമ ശ്വാസോച്ഛ്വാസം നിർത്തി. പിതാവിന്റെ ക്രൂരമർദ്ദനത്തിനിരയായ അറുപത് ദിവസം മാത്രം പ്രായമുള്ള ജെസീറ്റ മേരിക്കു വേണ്ടി നാടാകെയുള്ള പ്രാർത്ഥനകൾ ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നാം ദിവസത്തോടെ സഫലതയിലേയ്ക്കെത്തുന്നു.
കോലഞ്ചേരി മെഡിക്കൽ കോളേജിലെ ന്യൂറോ ഐ.സി.യുവിൽ തന്നെ തുടരുന്ന കുട്ടി ബുധനാഴ്ച രാത്രി മുതൽ ഓക്സിജൻ സഹായമില്ലാതെയാണ് ശ്വാസനം നടത്തുന്നത്. കൂടുതൽ സമയം ഉണർന്നിരിക്കുന്ന കുഞ്ഞിന്റെ കൈ കാലുകളുടെ ചലനവും, കണ്ണിറുക്കലും സാധാരണ നിലയിലേക്കെത്തി. ശരീരോഷ്മാവും, ദഹന പ്രക്രിയകളും കൃത്യമായി നില നിർത്തുന്നുണ്ട്. ശസ്ത്രക്രിയയ്ക്ക് ശേഷം അപസ്മാരം ബാധിച്ചിട്ടില്ല, ഇതെല്ലാം ശുഭ സൂചനകളാണ്, ആശ്വാസത്തിന് വകയുണ്ടെന്നാണ് കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടർമാർ പറയുന്നത്.
മുലപ്പാൽ യഥേഷ്ടം കുടിക്കുന്ന കുഞ്ഞ് പ്രതികരണ ശേഷിയും കാണിക്കുന്നുണ്ട്. പിതാവ് കട്ടിലിലേയ്ക്ക് വലിച്ചെറിഞ്ഞപ്പോഴുണ്ടായ ആഘാതത്തിൽ തലച്ചോറിനേറ്റ സമ്മർദ്ദത്തിലുണ്ടായ കട്ട പിടിച്ച രക്തം സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്തത്.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു മൂന്നു മണിക്കൂർ നീണ്ട ശസ്ത്രക്രിയ നടത്തിയത്.കുട്ടിയുടെ ആരോഗ്യ നിലയിലുണ്ടാകുന്ന പുരോഗതി വൻ പ്രതീക്ഷയോടെയാണ് മെഡിക്കൽ സംഘം നോക്കി കാണുന്നത്. ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റും ന്യൂറോ സർജനുമായ ഡോക്ടർ ജയിനിന്റെ നേതൃത്വത്തിലാണ് ചികിത്സ പുരോഗമിക്കുന്നത്.