ആലുവ: കൊവിഡ് വ്യാപനത്തെ പ്രതിരോധിക്കുന്നതിന് റൂറൽ ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ തെർമൽ സ്‌കാനറുകൾ എത്തിച്ചു. റൂറൽ ജില്ലയിലെ 34 സ്റ്റേഷനുകളിലും, ട്രാഫിക് സ്റ്റേഷനുകളിലും സ്‌പെഷ്യൽ യൂണിറ്റുകളിലുമാണ് തെർമൽ സ്‌കാനറുകൾ എത്തിച്ചത്. റൂറൽ കേരള പൊലീസ് അസോസിയേഷനും ഓഫീസേഴ്‌സ് അസോസിയേഷനും ചേർന്ന് കോലഞ്ചേരി സിന്തെറ്റ് ഇൻഡസ്ട്രീസുമായ് സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
ആലുവ ട്രാഫിക് സ്റ്റേഷനിൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് ഉദ്ഘാടനം ചെയ്തു. എസ്.എച്ച്.ഒ. അബ്ദുൾ കരീം ആദ്യ തെർമൽ സ്‌കാനർ ഏറ്റുവാങ്ങി. സിന്തെറ്റ് ഗ്രൂപ്പ് എം.ഡി. വിജു ജേക്കബ്, ആലുവ ഡിവൈ.എസ്.പി. ജി. വേണു, കെ.പി.എ. ജനറൽ സെക്രട്ടറി കെ.പി. പ്രവീൺ, റൂറൽ ജില്ലാ സെക്രട്ടറി എം.വി. സനിൽ, പ്രസിഡന്റ് എം.എം. അജിത്കുമാർ, കെ.പി.ഒ.എ. സെക്രട്ടറി ജെ. ഷാജിമോൻ, പ്രസിഡന്റ് എം.കെ. മുരളി എന്നിവർ പങ്കെടുത്തു.