# അൻവറിന്റെ കസ്റ്റഡി കാലാവധി തിങ്കളാഴ്ചവരെ നീട്ടി

തൃക്കാക്കര : പ്രളയത്തട്ടിപ്പ് കേസിലെ പ്രതികളുടെ യാത്രാവിവരങ്ങൾ തേടി അന്വേഷണസംഘം.കേസിലെ രണ്ടാംപ്രതി മഹേഷിന്റെ പൊള്ളാച്ചിയിലെ ഫാമിൽ അടക്കം നിരവധി തവണ യാത്രചെയ്തതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. മഹേഷിനെക്കൂടാതെ കേസിലെ ഒന്നാം പ്രതി കളക്ടറേറ്റ് ജീവനക്കാരനായിരുന്ന വിഷ്ണുപ്രസാദിനും ഫാമിൽ പങ്കാളിത്തമുണ്ടായിരുന്നതായി സൂചനയുണ്ട്. കേസിലെ ഒന്നാംപ്രതി വിഷ്ണുപ്രസാദ്, രണ്ടാം പ്രതി മഹേഷ്, മൂന്നാം പ്രതി അൻവർ എന്നിവർ പലതവണ ഫാം സന്ദർശിച്ചതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇവരുടെ മറ്റ് യാത്രാവിവരങ്ങൾ അന്വേഷണസംഘം ശേഖരിക്കുന്നുണ്ട്.

മൂന്നാംപ്രതിയും സി.പി.എം മുൻ ലോക്കൽ കമ്മിറ്റി അംഗവുമായ എം.എം. അൻവറിന്റെ കസ്റ്റഡി കാലാവധി തിങ്കളാഴ്ചവരെ നീട്ടി. കസ്റ്റഡികാലാവധി അവസാനിച്ചതോടെ ക്രൈംബ്രാഞ്ച് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കി. അൻവർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും,കേസുമായി ബന്ധപ്പെട്ട് ബാങ്ക് ഇടപാടുകൾ പരിശോധിക്കണമെന്നും കേസിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും അഞ്ചുദിവസം കസ്റ്റഡിയിൽ വേണമെന്ന് ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടു. തുടർന്ന് കസ്റ്റഡി കാലാവധി നീട്ടിയത്.