പറവൂർ : പട്ടാപ്പകൽ റോഡിലൂടെ നടന്നുപോയ വീട്ടമ്മയുടെ മാല ബൈക്കിലെത്തിയ മോഷ്ടാവ് പൊട്ടിച്ചു. മോഷ്ടാവ് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ വീട്ടമ്മ അയാളുടെ കൈയിൽ ബലമായി പിടിച്ച് മാല തിരിച്ചുപിടിച്ചു. കോട്ടപ്പുറം - കൂനമ്മാവ് റോഡിൽ നീറിക്കോട് കോളനിപ്പടി കവലക്ക് സമീപത്ത് ഇന്നലെ രാവിലെ ഏഴരയോടെയാണ് സംഭവം. കൊടുവഴങ്ങ കൊച്ചരിക്ക മനക്കിൽ ഫിലോ ജോസയുടെ താലിമാലയാണ് പൊട്ടിച്ചത്. ഇവരുടെ പിന്നിൽ ശക്തിയായി ഇടിച്ചുവീഴ്ത്തിയാണ് മാല പിടിച്ചുപറിച്ചത്. താഴെ വീണയുടനെ വീട്ടമ്മയുടെ കഴുത്തിലെ ആറു പവൻ വരുന്ന മാല വലിച്ചു പൊട്ടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് ഓട്ടോറിക്ഷ വന്നതോടെ മോഷ്ടാവിന് ബൈക്കുമായി രക്ഷപെടാൻ കഴിയാതിരുന്നതോടെ വീട്ടമ്മ ബഹളംവെച്ച ശേഷം കൈയിൽക്കയറിപ്പിടിച്ചു മാല തിരികെ പിടിച്ചെടുക്കുകയായിരുന്നു. ഇതിനിടയിൽ മോഷ്ടാവ് ബൈക്കുമായി കടന്നുകളഞ്ഞു. മോഷ്ടാവിന്റെ ചിത്രം അടുത്തുള്ള കടയിലെ സി.സി.ടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്. ആലങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.