കൊച്ചി: കേരള ബാങ്കിന്റെ പുതിയ വായ്പാ പദ്ധതികൾ വിശദീകരിക്കുന്നതിന് ഉപഭോക്താക്കളെ പങ്കെടുപ്പിച്ച് കസ്റ്റമർ മീറ്റ് സംഘടിപ്പിച്ചു. കാക്കനാട് കേരള ബാങ്ക് കോർപ്പറേറ്റ് ബിസിനസ് ഓഫീസിൽ നടന്ന സംഗമം ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി.എസ്. രാജൻ വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്തു. കൊവിഡ് മാർഗനിർദേശങ്ങൾ പാലിച്ച് വിവിധ മേഖലകളിൽ നിന്നുള്ളവരാണ് സംഗമത്തിൽ പങ്കെടുത്തത്. ഉപഭോക്താക്കളുടെ അഭിപ്രായങ്ങൾ ഉൾപ്പെടുത്തി പൊതുജനങ്ങൾ ആഗ്രഹിക്കുന്ന വായ്പാ നിക്ഷേപ പദ്ധതികൾക്ക് രൂപം കൊടുക്കുകയാണ് ലക്ഷ്യം. മറ്റ് ബാങ്കുകൾ പരിഗണിക്കാത്ത ജനവിഭാഗങ്ങൾക്ക് പ്രത്യേക പദ്ധതികൾ നടപ്പാക്കുമെുന്നും സി.ഇ.ഒ പറഞ്ഞു. കുടുംബശ്രീ വായ്പകൾക്ക് മാതൃക ബാങ്കായി മാറും. കർഷകർക്ക് കിസാൻ ക്രെഡിറ്റ് കാർഡ് മുഖേന വായ്പകൾ വേഗത്തിൽ നൽകുമെന്ന് അദ്ദേഹം പറഞ്ഞു.നിക്ഷേപ, കുടുംബശ്രീ, എം.എസ്.എം.ഇ, ഐ.ടി മേഖലയിൽ നിന്നുള്ള ഇടപാടുകാരുടെ സംശയങ്ങൾക്ക് സി.ഇ.ഒ പി. എസ് രാജൻ, സി.ജി.എം കെ.സി. സഹദേവൻ എന്നിവർ മറുപടി നൽകി. എറണാകുളത്തെ കേരള ബാങ്കിന്റെ ആദ്യ എം.എസ്.എം.ഇ വായ്പാചടങ്ങിൽ വിതരണം ചെയ്തു. കോർപ്പറേറ്റ് ബിസിനസ് വിഭാഗം ജനറൽ മാനേജർ ജോളി ജോൺ, ക്രെഡിറ്റ് പ്രൊസസിംഗ് സെന്റർ ഡെപ്യൂട്ടി ജനറൽ മാനേജർ ഡോ.എൻ. അനിൽ കുമാർ എന്നിവർ നേതൃത്വം നൽകി.