house-kseb
ശ്രീലക്ഷ്മിയുടേയും ശ്രീഹരിയുടേയും വീട്ടിൽ വൈദ്യുതി നൽകുന്ന ചടങ്ങിൽ പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ യേശുദാസ് പറപ്പിള്ളി ഫ്യൂസ് കുത്തുന്നു

# വീട്ടിൽ വൈദ്യുതിയെത്തി

പറവൂർ : ഓൺലൈൻ പഠനത്തിന് മൊബൈൽ ചാർജjചെയ്യാൻ ഇനിമുതൽ ശ്രീലക്ഷ്മിക്കും ശ്രീഹരിക്കും അയൽവീടുകളിൽ പോകേണ്ടതില്ല. അവരുടെ കൊച്ചുവീട്ടിൽ കഴിഞ്ഞദിവസം വൈദ്യുതിയെത്തി. ഇനി മുതൽ വെളിച്ചത്തിൽ പഠിക്കാമെന്ന ആശ്വാസത്തിലാണ് ഏഴിക്കര പഞ്ചായത്ത് കെടാമംഗലം തൈവെപ്പ് കളരിക്കൽ സുരേഷ് - സുമ ദമ്പതികളുടെ മക്കളായ ശ്രീലക്ഷ്മിയും ശ്രീഹരിയും.

നന്ത്യാട്ടുകുന്നം എസ്.എൻ.വി ഹയർ സെക്കൻഡറി സ്‌കൂളിൽ ഏഴും ആറും ക്ളാസുകളിലെ വിദ്യാർത്ഥികളാണിവർ. നാല് സെന്റിൽ പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് മറച്ച വീട്ടിൽ വൈദ്യുതി ഇല്ലായിരുന്നു. ഓൺലൈൻ പഠനത്തിന് ഇവർ അയൽവീടുകളെ ആശ്രയിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ശിശുക്ഷേമസമിതി ഇടപെട്ട് കെ.എസ്.ഇ.ബി അധികൃതരോട് കുട്ടികളുടെ പഠനത്തിന് സൗകര്യമൊരുക്കാൻ നിർദേശം നൽകുകയായിരുന്നു. സമിതി സംസ്ഥാന എക്സിക്യുട്ടീവ് അംഗവും പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ യേശുദാസ് പറപ്പിള്ളി കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി അടിയന്തരമായി വൈദ്യുതി കണക്ഷൻ നൽകാൻ തീരുമാനിച്ചു. കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ പറവൂർ യൂണിറ്റ് സൗജന്യമായി വയറിംഗ് നടത്തി. കഴിഞ്ഞദിവസം രണ്ട് വൈദ്യുതി പോസ്റ്റുകളും കമ്പികളും സ്ഥാപിച്ച് രാവിലെ കണക്ഷൻ നൽകുകയും ചെയ്തു. ഫ്യൂസ് കുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളായ എം.എ. രശ്മി, സീതാലക്ഷ്മി, ഷീല, കെ.എസ്.ഇ.ബി അസി. എക്സിക്യുട്ടീവ് എൻജിനീയർ കെ.എസ്. ആശ, അസി.എൻജിനീയർ വേണുഗോപാൽ, സി.പി. ലാൻസൺ, കെ.എ. ബാബു, എം.എ. നിക്സൺ എന്നിവർ സംബന്ധിച്ചു.