തൃക്കാക്കര: തൃക്കാക്കര നഗരസഭ വയോമിത്രം പദ്ധതിയിൽ കട്ടിൽ വാങ്ങിയതിൽ അഴിമതിയെന്ന് ആക്ഷേപം. നഗരസഭ പ്ര ദേശത്ത് 60 വയസ് കഴിഞ്ഞ വൃദ്ധജനങ്ങൾക്ക് നൽകുവാൻ 560 കട്ടിലാണ് വാങ്ങിയത്. നിലവാരം കുറഞ്ഞതും പാഴ് മരം ചേർത്തുമാണ് കട്ടിൽ നിർമിച്ചിട്ടുള്ളത്. കട്ടിലിന്റെ ഫ്രെയിം കനം കുറഞ്ഞതും വെള്ളം വീണാൽ നശിച്ചുപോകുന്ന തരത്തിലുള്ള ഫ്ലൈവുഡുമാണ്. ഒരു കട്ടിലിന് 4350 രൂപ പ്രകാരമാണ് വില.ഇത് വിപണിയിൽ 2800 രൂപക്ക് ലഭിക്കും.ഇതിൽ മാത്രം ഏട്ട് ലക്ഷത്തിൽ പരം രൂപയുടെ അഴിമതിയാണ് നടന്നിട്ടുള്ളതെന്ന് നഗരസഭ മുൻ ചെയർമാൻ ഷാജിവാഴക്കാല പറഞ്ഞു. മഹാഗണി മരം ഉപയോഗിച്ചാണ് കട്ടിൽ പണിതിടുള്ളതെന്നാണ് അറിയുന്നത്. സിഡ്കോയാണ് കട്ടിൽ നൽകിയിട്ടുള്ളത്. ഫർണീച്ചർ ഉരുപ്പടി പണിയുന്ന യൂണിറ്റൊന്നും സിഡ്കോക്ക് ഇല്ലെന്നാണറിയുന്നത്.പുറത്തുള്ള മറ്റു ഏജൻസിക്ക് സബ് കരാർ കൊടുത്താണ് സിഡ്കോ കട്ടിൽ വാങ്ങിയിട്ടുള്ളത്. അവിടെയും മറ്റു ഏജൻസികളാണ് പണി നടത്തുന്നത്. സിഡ്കോ സർക്കാർ സ്ഥാപനമാണെന്ന ധാരണയിലാണ് നഗരസഭ വർക്കുകൾ ഏൽപ്പിക്കുന്നത്. മാഫിയ സംഘമാണ് സിഡ്കോയെ വലയം വച്ചിരിക്കുന്നതെന്നാണ് ആരോപണം. സർക്കാർ സ്ഥാപനമായ സിഡ്കോയുടെ മറവിൽ വൻ അഴിമതിയാണ് തൃക്കാക്കരയിൽ നടക്കുന്നതെന്ന് ചില കൗൺസിലർമാരും പറയുന്നുണ്ട്.