കൊച്ചി : വിദേശയാത്രാ അനുമതിക്ക് മൂന്നു മാസമെങ്കിലും വിസ കാലാവധി വേണമെന്ന നയത്തിനെതിരായ ഹർജിയിൽ ഹൈക്കോടതി കേന്ദ്ര സർക്കാരിന്റെ വിശദീകരണം തേടി. വിസ കാലാവധി കഴിഞ്ഞവരോടു പോലും മടങ്ങിയെത്താൻ ക്ഷണിച്ച് ഗൾഫ് രാജ്യങ്ങൾ ഉത്തരവിറക്കിയ സാഹചര്യത്തിൽ പുതിയ കേന്ദ്ര നയം തിരുത്തണമെന്നാവശ്യപ്പെട്ട് കോഴിക്കോട് സ്വദേശി ഫസലു റഹ്മാൻ, ഡൽഹിയിലുള്ള മുഹമ്മദ് ഹലീം, ഷെമീം എന്നിവരുടേതാണ് ഹർജി. ജൂലായ് രണ്ടിന് ഹർജി വീണ്ടും പരിഗണിക്കും.
വിദേശയാത്രയുമായി ബന്ധപ്പെട്ട് മേയ് 24 നു പ്രഖ്യാപിച്ച സ്റ്റാൻഡേർഡ് ഒാപ്പറേറ്റിംഗ് പ്രോട്ടോക്കോളിൽ ഭേദഗതി വരുത്തി ജൂൺ ഒന്നിനാണ് പുതിയ ഒാഫീസ് മെമ്മോറാണ്ടം കേന്ദ്രം പുറപ്പെടുവിച്ചത്. വിദേശ ജോലിക്കു ശ്രമിക്കുന്നവർക്ക് ഇത് തിരിച്ചടിയാകുമെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. കേന്ദ്ര ആഭ്യന്തര, വിദേശകാര്യ, വ്യോമ മന്ത്രാലയങ്ങളാണ് എതിർകക്ഷികൾ.