കൊച്ചി : വിവാദ പരാമർശങ്ങൾ നടത്തിയ എം.സി ജോസഫൈൻ സംസ്ഥാന വനിതാ കമ്മിഷൻ അദ്ധ്യക്ഷയായി തുടരുന്നതു തടയാൻ മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ് നൽകിയ ഹർജി ഹൈക്കോടതി തള്ളി.
തന്റെ പാർട്ടിക്ക് സ്വന്തം പൊലീസും കോടതിയുമുണ്ടെന്ന പരാമർശത്തിലൂടെ വനിതാ കമ്മിഷനിലും നീതിന്യായ വ്യവസ്ഥയിലും വിശ്വാസമില്ലെന്ന് ജോസഫൈൻ തുറന്നു പറയുകയാണ് ചെയ്തതെന്നാരോപിച്ചാണ് ലതികാ സുഭാഷ് ക്വോ വാറന്റോ (പദവിയിൽ തുടരുന്നത് തടയാനുള്ള) ഹർജി നൽകിയത്.
ജോസഫൈനിന്റെ നിയമനം യോഗ്യതയില്ലാതെയാണെന്നോ നിയമവിരുദ്ധമാണെന്നോ പരാതി ഇല്ലാത്തതിനാൽ ക്വോ വാറന്റോ ഹർജി പ്രകാരം നടപടി സാദ്ധ്യമല്ലെന്ന് സിംഗിൾബെഞ്ച് വ്യക്തമാക്കി.
തിരുവനന്തപുരം കഠിനംകുളത്ത് ഭർത്താവും കൂട്ടരും ചേർന്ന് പീഡിപ്പിച്ച യുവതിയെ സന്ദർശിച്ച ശേഷം ജോസഫൈൻ മാദ്ധ്യമങ്ങളോടു സംസാരിക്കുമ്പോഴാണ് വിവാദ പരാമർശം നടത്തിയത്. ഷൊർണ്ണൂർ എം.എൽ.എ പി.കെ. ശശിക്കെതിരെ ഡി.വൈ.എഫ്.ഐ പ്രവർത്തക പാർട്ടിക്കു നൽകിയ പരാതിയെക്കുറിച്ച് ചോദിച്ചപ്പോൾ പാർട്ടിക്ക് സ്വന്തമായി കോടതിയും പൊലീസുമുണ്ടെന്നായിരുന്നു ജോസഫൈന്റെ മറുപടി.
ഈ പ്രസ്താവന പദവിക്കു ചേർന്നതല്ലെന്നും വനിതകളുടെ താല്പര്യം സംരക്ഷിക്കുന്നതല്ലെന്നും ഹർജിക്കാരി വാദിച്ചു. ജോസഫൈന് പദവിയിൽ തുടരാൻ അർഹതയില്ലെന്ന് പ്രഖ്യാപിക്കണമെന്ന ആവശ്യവും കോടതി നിരസിച്ചു.
പി.കെ. ശശിക്കെതിരെ പാർട്ടിയംഗമായ പരാതിക്കാരി കമ്മിഷനു പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്ന് ഹർജിയിൽ ആക്ഷേപമില്ല. മറ്റു പല സംഭവങ്ങളിലും സ്വമേധയാ കേസെടുത്ത കമ്മിഷൻ ഇക്കാര്യത്തിൽ അതു ചെയ്തില്ലെന്നാണ് ആരോപണം. ജോസഫൈനെതിരെ നടപടിയെടുക്കാൻ ഹർജിക്കാരി സർക്കാരിനെ സമീപിച്ചിരുന്നില്ലെന്ന് സർക്കാരും വിശദീകരിച്ചിരുന്നു. തുടർന്നാണ് നടപടിക്കു ഉചിതമായ ഫോറത്തെ സമീപിക്കാമെന്ന് വ്യക്തമാക്കി സിംഗിൾ ബെഞ്ച് ഹർജി തള്ളിയത്.