അങ്കമാലി: അങ്കമാലി നഗരസഭയുടെയും തുറവൂർ ഗ്രാമപഞ്ചായത്തിന്റെയും ഏറ്റവും വലിയ ജലസ്രോതസായ മുല്ലശേരി തോട് മാലിന്യ വാഹിനിയായി മാറി. വെള്ളപ്പൊക്കം മുന്നിൽ കണ്ട് സർക്കാർ തോട് ശുചീകരണത്തിനായി പണം അനുവദിച്ചെങ്കിലും മുല്ലശേരിത്തോടിന്റെ പുനരുദ്ധാരണത്തിനും, നവീകരണത്തിനുമായി ടെണ്ടർ നടപടി പൂർത്തീകരിച്ച് മാസങ്ങൾ പിന്നിട്ടിട്ടും പണികൾ തുടങ്ങാൻ കാലവർഷത്തിന്റെ വരവും കാത്തു നിൽകുകയായിരുന്നു അധികൃതരും കരാറുകാരും.കാലവർഷത്തിന് മുൻപായി സമയബന്ധിതമായി നിർമ്മാണം നടത്താതെ കാലവർഷം തുടങ്ങി ദിവസങ്ങൾ പിന്നിട്ടതോടെയാണ് നിർമ്മാണം തുടങ്ങിയത്. ഫ്ലോട്ടിംഗ് ജെ സി.ബി വെള്ളത്തിലിറക്കി തോട്ടിലുള്ള കുളവാഴ നീക്കി തോടിന്റെ ഓരത്തു തന്നെ നിക്ഷേപിക്കുന്ന പണികളാണ് നടത്തുന്നത്.
#പദ്ധതി സ്വഹ
മുല്ലശേരിപാലം മുതൽ മറ്റൂർ എയർപോർട്ട് റോഡ് വരെ പായലും, ചളിയും മാലിന്യങ്ങളും നീക്കം ചെയാനും 59 ലക്ഷവും ,മുല്ലശേരിപാലം മുതൽ മൂന്നുതോട് വരെയുള്ള ഭാഗങ്ങളിലെ സമഗ്രവികസനത്തിനും പാർശ്വഭിത്തി കെട്ടുന്നതിനുമായി ഒരു കോടിയുമാണ് സർക്കാർ അനുവദിച്ചത്. തോട്ടിലെ ചെളിയും കുളവാഴയും നീക്കം ചെയ്ത് സുഗമമായി വെള്ളം ഒഴുകി പോകുന്നതിനും തോടിന്റെ സംരക്ഷണവും ലഷ്യമിട്ട് തുടങ്ങിയ പദ്ധതി അഴിമതിക്കു വേണ്ടിയായി മാറി. ശക്തമായ മഴ പെയ്യുന്നതോടെ വെള്ളത്തിന്റെ സ്വാഭാവികഒഴുക്കിനൊപ്പം യന്ത്ര സഹായത്തോടെ പായൽമാത്രം നീക്കം ചെയ്ത് പണികൾഅവസാനിപ്പിച്ച് പണം തട്ടാനുള്ള ബോധപൂർവമായശ്രമമാണ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കരാറുകൾ ചെയ്യുന്നതെന്ന് ആരോപണമുണ്ട്.
#തോട്ടിൽ മാലിന്യം തള്ളലും
തോടിന്റെ ഓരം ചേർന്നുള്ള പന്നിഫാമുകളിൽ നിന്നും നേരിട്ട് ഒഴുക്കുന്ന അവശിഷ്ഠങ്ങൾ തോടിൽ അടിഞ്ഞു കൂടുന്ന അവസ്ഥയാണ്. കൂടാതെ ഡബിൾപാലം, മുല്ലശേരി തോടിനുതാഴെയുള്ള ഇടമലയാർ അക്വിഡേറ്റിനുതാഴേയും വ്യാപകമായതോതിൽ മാലിന്യം തള്ളുന്നു. വിവിധ അപ്പാർട്ടുമെന്റുകളിൽ നിന്നും തള്ളുന്ന അഴുക്കുവെള്ളവും ഈ തോട്ടിലേക്കാണ് ഒഴുക്കുന്നത്.
#അന്വേഷണം നടത്തണം
തോട്ടിലേക്ക് മാലിന്യം ഒഴുകിയെത്തുന്ന വഴികൾ കൂടി അടക്കാൻ അധികാരികൾ തയ്യാറാകണം. വെള്ളത്തിന്റെ ഒഴുക്കിനെ തടയുന്ന കുളവാഴ നീക്കം ചെയ്ത് മറ്റുനിർമ്മാണങ്ങൾ ശക്തമായ കാലവർഷത്തിന് ശേഷം ചെയ്യാൻ നടപടി സ്വീകരിക്കണം.അങ്കമാലി മുല്ലശേരി കനാലിലെ നിർമ്മാണത്തിലെ തട്ടിപ്പിനെ സംബന്ധിച്ച് അന്വേഷണം നടത്തണം.
ജയ്‌സൺ പാനികുളങ്ങര,കാതിക്കുടം സമരസമിതി പ്രസിഡന്റ്