കൊച്ചി: ലോക്ക് ഡൗൺ ഇളവുകളിൽ ഡ്രൈവിംഗ് സ്‌കൂളുകളെ സംസ്ഥാന സർക്കാർ തഴഞ്ഞതോടെ പ്രവർത്താനനുമതി തേടി ആൾ കേരള മോട്ടോർ ഡ്രൈവിംഗ് സ്‌കൂൾ അസോസിയേഷൻ കേന്ദ്ര സർക്കാറിനെ സമീപിച്ചു. മൂന്നു മാസത്തിലേറെയായി വരുമാനമേതുമില്ലാതെ ബുദ്ധിമുട്ടുന്ന ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ അവസാന ശ്രമമെന്ന നിലയിലാണ് കേന്ദ്രസർക്കാരിന് നിവേദനം നൽകിയത്.
കേരളത്തിൽ 5100 ലധികം ഡ്രൈവിംഗ് സ്‌കൂളുകളും 75000 ത്തോളം ജീവനക്കാരുമുണ്ട്. അസംഘടിത തൊഴിലാളി മേഖലയായതിനാൽ ക്ഷേമനിധി സഹായവും ലഭിച്ചിട്ടില്ല. സർക്കാർ സഹായങ്ങൾ കൂടി ലഭ്യമല്ലാതായതോടെ കുടുംബങ്ങൾ പട്ടിണിയിലാണ്.
വാഹനങ്ങൾ നശിച്ചു തുടങ്ങി
മാർച്ച് 18 മുതൽ ഡ്രൈവിംഗ് സ്‌കൂളുകൾ പരിശീലനം നിർത്തിയതാണ്. മൂന്നു മാസത്തോളം വെറുതേ കിടന്നതിനാൽ വാഹനങ്ങൾ പലതും തകരാറിലായി. പതിനായിരങ്ങൾ മുടക്കിയാലേ ഇവ ഇനി നിരത്തിലിറക്കാനാവൂ.
ആദ്യ ഘട്ടമായാണ് നിവേദനം നൽകിയത്
നാലാം ഘട്ട ലോക്ക് ഡൗണിനു ശേഷവും ഡ്രൈവിംഗ് സ്‌കൂളുകൾക്ക് അനുമതി ലഭിച്ചില്ല. നിലവിൽ സംസ്ഥാനത്ത് ഒരു ലക്ഷത്തിലധികം ഡ്രൈവിംഗ് ലൈസൻസ് അപേക്ഷകളും അത്ര തന്നെ ലേണേഴ്‌സ് അപേക്ഷകളും കെട്ടി കിടക്കുന്നുണ്ട്. അടിയന്തിരമായി സ്‌കൂളുകൾ തുറക്കാൻ നടപടിയുണ്ടാവണം.
കെ.എസ്. ചെറിയാൻ
ജനറൽ സെക്രട്ടറി
ആൾ കേരള മോട്ടോർ ഡ്രൈവിംഗ് സ്‌കൂൾ അസോസിയേഷൻ
ആവശ്യങ്ങൾ ഇവ
ഡ്രൈവിംഗ് സ്‌കൂളുകൾക്ക് പ്രവർത്തനാനുമതി.
ലേണേഴ്‌സ് ടെസ്റ്റ്, ഡ്രൈവിംഗ് ടെസ്റ്റ് എന്നിവ പുനരാരംഭിക്കൽ
ഡ്രൈവിംഗ് സ്‌കൂൾ മേഖലക്ക് ആശ്വാസ പാക്കേജ്
തൊഴിലാളികൾക്ക് ക്ഷേമനിധി