കോലഞ്ചേരി: കപ്പകൃഷി സീസൺ കൊവിഡെടുത്തെങ്കിലും കപ്പയേക്കാൾ വില കപ്പക്കോലിന് കിട്ടുന്നത് കർഷകർക്ക് തുണയായി.

കോലു വില പത്ത് രൂപയുണ്ട് ഇപ്പോൾ. ലോക്ക് ഡൗൺ കാലത്ത് ചുമ്മാതിരുന്നവർ പറമ്പിലെ കാടും പള്ളയും ശരിയാക്കി നിലമൊരുക്കി കപ്പ കൃഷിയിലേയ്ക്കാണ് തിരിഞ്ഞത്. കപ്പ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായതും കോലിന് ഡിമാൻഡ് സൃഷ്ടിച്ചു.

മൂപ്പെത്തിയ ഒരു കപ്പ ചുവട്ടിൽ നിന്നും മൂന്നോ നാലോ കോൽ ലഭിക്കും. ഒരു കോലിൽ നിന്നും എട്ട് ചുവട് വരെ നടാം. ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളായ കോതമംഗലം, മൂവാ​റ്റുപുഴ, പിറവം എന്നിവിടങ്ങളിൽ കൃഷി വ്യാപകമായി. മ​റ്റു കാർഷിക വിളകൾക്കു വിലയിടിവ് നേരിട്ടപ്പോഴും കപ്പയ്ക്ക് ന്യായമായ വില ലഭിച്ചിരുന്നു. സീസൺ ആരംഭത്തിൽ കിലോയ്ക്ക് 20 മുതൽ 30 രൂപ വരെ വില കിട്ടി.

ലോക്ക് ഡൗണിൽ വില്പന നടക്കാതായതോടെ വില കുറഞ്ഞു. വരും വർഷം നല്ല വില ലഭിക്കുമെന്നാണ് പ്രതീക്ഷ.

•മെച്ചങ്ങൾ

കൃഷി ചിലവ് കുറവ്

ഹോട്ടലുകളിലും തട്ടു കടകളിലും താരം.

കപ്പ ബിരിയാണി ഫൈവ് സ്റ്റാർ ഹോട്ടലുകളിലും

കൃഷി എളുപ്പം

തൊഴിലാളികളെ ആശ്രയിക്കേണ്ട

രോഗബാധകൾ കുറവ്

കാര്യമായ പരിചരണം വേണ്ട

• കപ്പ ഇനങ്ങൾ

സിലോൺ, ആമ്പക്കാടൻ ഇനങ്ങൾക്കാണ് കൂടുതൽ ആവശ്യക്കാർ. ശ്രീജയ, ശ്രീവിജയ, ശ്രീഹർഷ, നിധി, വെള്ളായനി ഹൃസ്വ, ശ്രീരേഖ, ശ്രീപ്രഭ, ശ്രീവിശാഖം, എം ഫോർ, എച്ച് 97 എന്നിങ്ങനെ ആറു മാസം മുതൽ ഒരു വർഷം വരെ വിളവെടുപ്പ് സമയമുള്ള കപ്പകളാണ് കൃഷിയ്ക്ക് ഉപയോഗിക്കുന്നത്.