കൊച്ചി: കേരള ആംഡ് പൊലീസിന്റെ ഒന്ന്, അഞ്ച് ബറ്റാലിയനുകളിലെ കോൺസ്റ്റബിൾ നിയമനത്തിനായി പഴയ റാങ്ക് ലിസ്റ്റിൽ നിന്ന് അഡ്വൈസ് നൽകണമെന്ന കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ആഭ്യന്തര വകുപ്പ് സെക്രട്ടറി, ഡി.ജി.പി എന്നിവർ നൽകിയ അപ്പീലിലാണ് നടപടി. രണ്ടു ബറ്റാലിയനുകളിലെയും പ്രതീക്ഷിക്കുന്ന ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നില്ലെന്നാരോപിച്ച് ഉദ്യോഗാർത്ഥികൾ നൽകിയ ഹർജിയിൽ 2019 ആഗസ്റ്റ് 30 നാണ് പഴയ റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്താൻ ട്രിബ്യൂണൽ ഉത്തരവിട്ടത്. ആ റാങ്ക് ലിസ്റ്റിന്റെ കാലാവധി 2018 ജനുവരി യിൽ കഴിഞ്ഞെങ്കിലും ഒന്നാം ബറ്റാലിയനിലെ 100 ഒഴിവുകളും അഞ്ചാം ബറ്റാലിയനിലെ 182 ഒഴിവുകളും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാനാണ് ട്രിബ്യൂണൽ നിർദ്ദേശിച്ചത്.ഇതിനെതിരെ സർക്കാർ നൽകിയ അപ്പീലിൽ റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിയുന്ന ദിവസം രണ്ടു ബറ്റാലിയനുകളിലും അനുവദിച്ചിട്ടുള്ളതിലും കൂടുതൽ പേരുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. അനുവദനീയമായ തസ്തികയിൽ കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യണമെന്ന് പറയാൻ കോടതിക്കോ ട്രിബ്യൂണലിനോ കഴിയില്ലെന്ന് സൂചിപ്പിച്ചാണ് ട്രിബ്യൂണലിന്റെ ഉത്തരവ് റദ്ദാക്കിയത്.