മൂവാറ്റുപുഴ: കൈകൂലി വാങ്ങിയ ഫോറസ്റ്റ് റേഞ്ച് ഓഫീസറെ വിജിലൻസ് കോടതി റിമാന്റ് ചെയ്തു. കർഷകനിൽ നിന്നു കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ദേവികുളം ഫോറസ്റ്റ് റേഞ്ച് ഓഫീസർ വി.എസ്. സിനിലിനെയാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി റിമാൻഡ് ചെയ്ത്. മരത്തിന്റെ ചില്ല വെട്ടുന്നതിന് 10,000 രൂപ കർഷകനിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്. വാഴക്കുളം സ്വദേശിയായ ഏലം കർഷകൻ തന്റെ ശാന്തൻപാറയിലുള്ള കള്ളിപ്പാറ കൃഷിയിടത്തിൽ നടത്തുന്ന ഏലം കൃഷിക്ക് സൂര്യപ്രകാശം ലഭിക്കുന്നതിന് തടസമായി നിന്നിരുന്ന മരച്ചില്ലകൾ വെട്ടിനീക്കുന്നതിന് അനുമതിക്കായി ദേവികുളം റേഞ്ച് ഓഫീസറെ സമീപിച്ചപ്പോൾ 10,000 രൂപ ആവശ്യപ്പെട്ടു. പണം നൽകാമെന്ന് സമ്മതിച്ച കർഷകൻ തൊടുപുഴ വിജിലൻസിൽ പരാതി നൽകി. വിജലൻസ് നൽകിയ പണം കർഷകൻ റെഞ്ച് ഓഫിസിലെത്തി കൈമാറുന്നതിനിടെ പുറത്ത് കാത്തുനിന്ന ഉദ്യോഗസ്ഥർ ഇയാളെ കൈയോടെ പിടികൂടിയത്.