കൊച്ചി: തന്റെ നഗ്ന ശരീരത്തിൽ മകനെക്കൊണ്ട് ചിത്രം വരപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ മുൻകൂർ ജാമ്യം തേടി രഹ്ന ഫാത്തിമ ഹൈക്കോടതിയിൽ ഹർജി നൽകി.
ഒരു ബി.ജെ.പി നേതാവ് നൽകിയ പരാതിയിൽ തിരുവല്ല പൊലീസ് കേസെടുത്തതായി സോഷ്യൽ മീഡിയയിലും മറ്റു മാദ്ധ്യമങ്ങളിലും വാർത്ത വന്നെന്നും ഐ.ടി, ബാലനീതി നിയമങ്ങൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും തനിക്ക് എഫ്.ഐ.ആറിന്റെ പകർപ്പ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഹർജിയിൽ പറയുന്നു. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളതെങ്കിലും തനിക്കെതിരെ ഒരു വിഭാഗം നടത്തുന്ന പ്രതിഷേധ മുറവിളികളെ തുടർന്ന് അറസ്റ്റിന് സാദ്ധ്യതയുണ്ടെന്നാണ് രഹ്നയുടെ വാദം. മതപരവും രാഷ്ട്രീയവുമായ വൈരാഗ്യം നിമിത്തമാണ് തനിക്കെതിരെ പരാതി നൽകിയിട്ടുള്ളതെന്നും ഹർജിക്കാരി ആരോപിച്ചിട്ടുണ്ട്. ഹർജി തിങ്കളാഴ്ച പരിഗണിച്ചേക്കും.