bjp
ബി.ജെ.പി പ്രവർത്തകർ പൊതുമരാമത്ത് അധികൃതർക്ക് നിവേദനം നൽകുന്നു

ആലുവ: ആലുവ - മൂന്നാർ റോഡിൽ വ്യാപക കൈയേറ്റമുണ്ടായിട്ടും കണ്ടില്ലെന്ന് നടിക്കുന്ന പൊതുമരാമത്ത് അധികൃതർക്കെതിരെ പ്രതിഷേധം ശക്തമായി. ആലുവ മുതൽ ചൂണ്ടി വരെയുള്ള ഭാഗത്തെ കൈയേറ്റങ്ങളെ തുടർന്ന് ഇവിടെ എല്ലായിപ്പോഴും ഗതാഗതകുരുക്കാണ്.

ഈ മേഖലയിലെ ഭൂരിഭാഗം കെട്ടിടങ്ങളും നിർമ്മാണ ചട്ടങ്ങൾ ലംഘിച്ചാണ് നിർമ്മിച്ചിട്ടുള്ളത്. കച്ചവട സ്ഥാപനങ്ങളുടെ മറവിലാണ് കൂടുതൽ കൈയേറ്റം. ഒരാൾക്ക് പോലും നിന്ന് സാധനങ്ങൾ വാങ്ങാൻ സൗകര്യമൊരുക്കാതെയാണ് പലരും കെട്ടിടങ്ങൾ നിർമ്മിക്കുന്നത്. രാഷ്ട്രീയ സ്വാധീനത്തിലാണ് പഞ്ചായത്തിൽ നിന്നും കെട്ടിട നമ്പർ വാങ്ങുന്നത്. പിന്നാലെ വൈദ്യുതി, കുടിവെള്ള കണക്ഷനും സമ്പാദിക്കും. തുടർന്ന് കൈയേറ്റവും തുടങ്ങും. സാധനങ്ങൾ വാങ്ങാനെത്തുന്നവർക്ക് വെയിലും മഴയുമേൽക്കാതെ നിൽക്കാനെന്ന പേരിൽ പ്ളാസ്റ്റിക്ക് ഷീറ്റ് വലിച്ച് കെട്ടുന്നവർ കുറച്ച് നാൾ കഴിയുമ്പോൾ ഇരുമ്പ് ഷീറ്റ് മേയ്യും. പ്രതിഷേധമില്ലെന്ന് ഉറപ്പായാൽ പിന്നെ ഷട്ടർ സ്ഥാപിക്കും. അതോടെ പൊതുസ്ഥലം സ്വന്തം അതിർത്തിക്കുള്ളിലായി.

ആദ്യം ചട്ടം പാലിക്കും, പിന്നെ ലംഘിക്കും

കെട്ടിട നിർമ്മാണ ചട്ടം അനുസരിച്ച് കെട്ടിടം നിർമ്മിക്കുന്നവരുടെയും സ്ഥിതി വ്യത്യസ്ഥമല്ല. ആളുകൾക്ക് നിൽക്കാനെന്ന പേരിൽ താത്കാലിക ചാർത്ത് നിർമ്മിക്കുന്നവർ പതുക്കെ റോഡിനോട് ചേർന്ന് ഷട്ടർ സ്ഥാപിക്കുന്ന അവസ്ഥയാകും. കാർമ്മൽ, അശോക, കൊച്ചിൻബാങ്ക്, കോളനിപ്പടി, ചൂണ്ടി ഭാഗങ്ങളിലാണ് കൂടുതൽ കൈയേറ്റമുള്ളത്. ലോക്ക് ഡൗൺ കാലം വീണ്ടും കൈയ്യേറ്റത്തിനുള്ള അവസരമാക്കിയവരുമുണ്ട്.

ഭീമഹർജി നൽകിയിട്ടും ഫലമില്ല

കൈയേറ്റത്തിനെതിരെ അശോകപുരം പൗരസമിതി പി.ഡബ്ല്യു.ഡി അധികാരികൾക്ക് മൂന്ന് വർഷം മുമ്പ് ഭീമഹർജി നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. ഇതേതുടർന്ന് ഇന്നലെ ബി.ജെ.പി പ്രവർത്തകർ പി.ഡബ്ല്യു.ഡി അധികൃതർക്ക് നിവേദനം നൽകി. പരിഹാരമുണ്ടായില്ലെങ്കിൽ ശക്തമായ സമരം ആരംഭിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.കീഴ്മാട് പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി എ.എസ്. സലിമോൻ, യുവമോർച്ച പ്രസിഡന്റ് വിനൂപ് എൻ. ചന്ദ്രൻ, വാർഡ് കൺവീനർ ബിനോയ് രാജ്, ജോയിന്റ് കൺവീനർ റോഷൻ എൻ. ഗോപൻ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.