കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ച കേസിൽ തൃശൂർ വാടാനപ്പള്ളി സ്വദേശികളായ അബൂബക്കർ (47), അബ്ദുൾ സലാം (42) എന്നിവർ കൂടി അറസ്‌റ്റിലായി. ഇതോടെ അറസ്‌റ്റിലായവരുടെ എണ്ണം ആറായി. ഒന്നാംപ്രതി അൻവർ ഒളിവിലാണ്. അതേസമയം, സിനിമാരംഗത്തുള്ള അഞ്ചുയുവതികൾ കൂടി ഇന്നലെ സംഘത്തിനെതിരെ പരാതി നൽകി. ഇതോടെ പരാതിക്കാരുടെ എണ്ണം എട്ടായി.
അബ്ദുൾ സലാമിനെ എറണാകുളം ജില്ലാ കോടതിയിൽ ഇന്നലെ രാവിലെ പതിനൊന്നിന് കീഴടങ്ങാൻ എത്തിയപ്പോഴും അബൂബക്കറിനെ വീട്ടിൽനിന്നുമാണ് അറസ്റ്റ് ചെയ്‌തത്. ഇരുവരും അൻവറിനൊപ്പം മരടിലെ വീട്ടിലെത്തി ഷംന കാസിമിനെ കണ്ടിരുന്നു. വിവാഹ അഭ്യർത്ഥന നിരസിച്ചപ്പോൾ മടങ്ങിയെന്നാണ് അബ്ദുൾ സലാമിന്റെ മൊഴി.
സംഘം സ്വർണം കടത്തിയെന്ന് കണ്ടെത്താനായില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെ പറഞ്ഞു. ആദ്യപരാതി അന്വേഷിക്കാതെ പോയത് കൊവിഡ് നിയന്ത്രണങ്ങൾ മൂലമാണ്. മീരയെന്ന യുവതിയാണ് പെൺകുട്ടികളെ സംഘവുമായി ബന്ധപ്പെടുത്തിയത്. കാസർകോടുള്ള ടിക്‌ടോക് താരത്തിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുമെന്നും സാഖറെ പറഞ്ഞു. ടിക്ടോക് താരത്തിന്റെ ചിത്രം ഷംന കാസിമിന് അയച്ചാണ് അറസ്റ്റിലായ റഫീഖ് തട്ടിപ്പിന് ശ്രമിച്ചത്. യുവതികളെ തട്ടിക്കൊണ്ടുപോയി പാർപ്പിച്ചെന്ന പരാതിയിൽ പ്രതികൾക്കെതിരെ മനുഷ്യക്കടത്ത് കുറ്റവും ചുമത്തി.