കൊച്ചി: കൊവിഡ് ഭീഷണി രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി കൊച്ചി കോർപ്പറേഷൻ ഓഫീസിനോട് ചേർന്നു പ്രവർത്തിച്ചിരുന്ന ജനസേവനകേന്ദ്രം മാറ്റി സ്ഥാപിക്കുന്നു. എറണാകുളം ലാ കോളേജിന് സമീപത്തെ കോർപ്പറേഷന്റെ തന്നെ ഉടമസ്ഥതയിലുള്ള 'യാത്ര' ഓഡിറ്റോറിയത്തിലേക്കാണ് ഇത് മാറ്റുന്നത്. കൊവിഡ് ഭീഷണി ഒഴിയുന്നതുവരെ ജനസേവനകേന്ദ്രം ഇവിടെതന്നെയാവും പ്രവർത്തിക്കുകയെന്ന് ഡെപ്യൂട്ടിമേയർ കെ.ആർ. പ്രേമകുമാർ പറഞ്ഞു.ജനന മരണ സർട്ടിഫിക്കറ്റുകൾ നൽകുന്ന ഡെത്ത് ആൻഡ് ബർത്ത് വിഭാഗം പൂർണമായും ഇവിടേക്ക് മാറ്റും. ഹെൽത്ത് ഇൻസ്‌പെക്ടർമാരെയും ഡെത്ത് ആൻഡ് ബർത്ത് വിഭാഗം കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരെയും ഇവിടേക്ക് വിന്യസിക്കും. കൊവിഡ് രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ തിരക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവയ്ക്കുമെന്നതിനാലാണ് ബദൽ ക്രമീകരണം ഏർപ്പെടുത്തുന്നത്.ഒരാഴ്ചക്കകം പുതിയ സംവിധാനം യാഥാർത്ഥ്യമാകുമെന്ന് ഡെപ്യൂട്ടി മേയർ പറഞ്ഞു.യാത്രാ ഓഡിറ്റോറിയത്തിൽ കോർപ്പറേഷനിലെ ജനസേവന കേന്ദ്രം പോലെ സ്ഥലപരിമിതിയുടെ പ്രശ്നം ഉണ്ടാവില്ല. ഒരേസമയം എല്ലാ സുരക്ഷാ മുൻകരുതലോടെയും നിരവധി പേർക്ക് ഓഫീസിലേക്ക് കയറാം. എങ്കിലും സാമൂഹിക അകലവും സാനിറ്റൈസർ ഉപയോഗിച്ചുള്ള കൈകഴുകലും നടത്തിയാവും ആൾക്കാരെ പുതിയ ഓഫീസിലേക്ക് പ്രവേശിപ്പിക്കുക. ജനസേവന കേന്ദ്രത്തിലെത്തുന്നവർക്ക് വേഗം കാര്യങ്ങൾ സാധിച്ച് പോകത്തക്ക വിധത്തിൽ സൗകര്യങ്ങൾ ഉണ്ടാകും. ഓഫീസ് ക്രമീകരണ ജോലികൾ അതിവേഗം പൂർത്തിയായി വരുകയാണ്.
സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായി കോർപ്പറേഷൻ ആസ്ഥാനത്തും ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. കൂടുതൽ ആൾക്കാരെ ഓഫീസിലേക്ക് പ്രവേശിപ്പിക്കുന്നത് കർശനമായി നിയന്ത്രിച്ചിട്ടുണ്ട്.