കൊച്ചി: പാസ്പോർട്ട് സംബന്ധമായ സേവനങ്ങളുടെ മികവിന് കൊച്ചി റീജിയണൽ പാസ്പോർട്ട് ഓഫീസിന് അഖിലേന്ത്യാടിസ്ഥാനത്തിൽ രണ്ടാംസ്ഥാനം ലഭിച്ചു. പാസ്പോർട്ട് നിയമം പാസാക്കിയതിന്റെ സ്മരണാർത്ഥം ജൂൺ 24 ന് സംഘടിപ്പിച്ച പാസ്പോർട്ട് സേവാദിവസ് ആചരണത്തോടനുബന്ധിച്ചാണ് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ പുരസ്കാരം പ്രഖ്യാപിച്ചത്. ഇതോടനുബന്ധിച്ച് നടന്ന ചടങ്ങിൽ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ വീഡിയോ കോൺഫറൻസിലൂടെ പാസ്പോർട്ട് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തു. പൗരന്മാർക്ക് പാസ്പോർട്ട് സേവനങ്ങൾ അസാമാന്യമായ നിലവാരത്തിൽ ലഭ്യമാക്കിയതിനാണ് കൊച്ചി റീജയണൽ പുരസ്കാരത്തിന് അർഹരായത്. 5 ദിവസങ്ങൾക്കുള്ളിൽ പൊലീസ് വെരിഫിക്കേഷൻ പൂർത്തിയാക്കുന്ന കാര്യക്ഷമതയ്ക്ക് കേരളവും ഹരിയാനയും മൂന്നാം സ്ഥാനം പങ്കിട്ടു.