ksrtc

കൊച്ചി: കെ.എസ്.ആർ.ടി.സി ഡ്രൈവർമാരുടെ ഒഴിവുകളിലേക്ക് പി.എസ്.സി റാങ്ക് ലിസ്റ്റിൽ നിന്ന് സംവരണവും സീനിയോറിറ്റിയും പാലിച്ച് താത്കാലിക നിയമനം നടത്താൻ ഹൈക്കോടതി നിർദേശിച്ചു. ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തിയതോടെ റാങ്ക്ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥികൾക്ക് അവസരം നഷ്ടമായെന്നാരോപിച്ച് ലിസ്റ്റിൽ ഉൾപ്പെട്ട ആലുവ സ്വദേശി എൻ.ബി. ഷാനിൽ നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.

180 ദിവസം ജോലിനോക്കിയ എംപാനലുകാരെ ഒഴിവാക്കണമെന്ന് 2019 ഏപ്രിൽ എട്ടിന് ഡിവിഷൻബെഞ്ച് നിർദേശിച്ചിരുന്നു. അവരെ വീണ്ടും നിയമിക്കുന്നതായി ഹർജിക്കാരൻ ആരോപിച്ചു. ഇതു നിഷേധിച്ച കെ.എസ്.ആർ.ടി.സി ലീവ് വേക്കൻസികളിൽ താത്കാലിക ഡ്രൈവർമാരുടെ നിയമനം അനിവാര്യമാണെന്നും സാമ്പത്തിക പ്രതിസന്ധിമൂലം സ്ഥിരനിയമനം നടത്താൻ കഴിയില്ലെന്നും വിശദീകരിച്ചു.

2015 ജൂൺ 30ലെ ഹൈക്കോടതി ഉത്തരവനുസരിച്ച് പി.എസ്.സിക്ക് 2455 ഡ്രൈവർമാരുടെ ഒഴിവുകൾ കെ.എസ്.ആർ.ടി.സി റിപ്പോർട്ട് ചെയ്തിരുന്നു. തുടർ ഉത്തരവില്ലാതെ നിയമന ശുപാർശ നൽകരുതെന്നു പിന്നീട് കോടതി നിർദേശിച്ചു. തുടർ ഉത്തരവുകൾ നൽകാത്തതും സ്ഥിരനിയമനം നടത്താൻ കെ.എസ്.ആർ.ടി.സിക്കുള്ള ബുദ്ധിമുട്ടും കണക്കിലെടുത്താണ് താത്കാലിക ഡ്രൈവർമാരെ പി.എസ്.സി ലിസ്റ്റിൽനിന്ന് നിയമിക്കാൻ ഉത്തരവിട്ടത്. അഡ്വൈസ് മെമ്മോ നൽകാനായി സംവരണവും സീനിയോറിറ്റിയും പരിഗണിക്കുന്ന അതേ മാനദണ്ഡ പ്രകാരം ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തണമെന്നും ഉത്തരവിൽ പറയുന്നു.

മാർഗനിർദേശങ്ങൾ

 പി.എസ്.സി സംവരണവും സീനിയോരിറ്റിയും പാലിച്ച് റാങ്ക്ലിസ്റ്റിൽ നിന്ന് 2455 പേരുടെ വിവരങ്ങൾ രണ്ടാഴ്ചയ്ക്കകം കെ.എസ്.ആർ.ടി.സിക്ക് നൽകണം.

 എത്രപേരെ എവിടെ നിയമിക്കണമെന്ന് കെ.എസ്.ആർ.ടി.സിക്ക് തീരുമാനിക്കാം.

 കേരള സർവീസ് ചട്ടത്തിലെ താത്കാലിക നിയമന വ്യവസ്ഥകൾ പാലിക്കണം.

 നിയമനം ലഭിക്കുന്നവർക്ക് മുൻഗണനയോ അവകാശമോ ലഭിക്കില്ല.

 നിയമനം സ്വീകരിക്കാത്തവർക്ക് സ്ഥിരനിയമനത്തിനുള്ള അവകാശം നഷ്ടമാവില്ല.