നെടുമ്പാശേരി: നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് സാമൂഹ്യ അടുക്കളക്കെതിരായ കോൺഗ്രസ് സമരം രാഷ്ട്രീയ പ്രേരിതമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി എൽദോയും സി.പി.എം നെടുമ്പാശേരി ലോക്കൽ സെക്രട്ടറി സണ്ണി പോളും ആരോപിച്ചു. അടിസ്ഥാനരഹിതമായ ആരോപണമുന്നയിച്ചാണ് കോൺഗ്രസ് സമരം നടത്തുന്നത്. സാമൂഹ്യ അടുക്കളയുടെ പ്രവർത്തനം മികച്ചതും സുതാര്യവുമായിരുന്നു. പഞ്ചായത്തിന് അധികബാദ്ധ്യത വരാത്തവിധമാണ് 38 ദിവസം സാമൂഹ്യ അടുക്കള പ്രവർത്തിച്ചത്. വരവ്ചെലവ് കണക്ക് ഓഡിറ്റ് ചെയ്ത് പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ അവതരിപ്പിച്ചു. ഇത് കേൾക്കാൻപോലും തയ്യാറാകാതെ യോഗത്തിൽ നിന്ന് കോൺഗ്രസ് അംഗങ്ങൾ ഇറങ്ങിപ്പോയത് അവർ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്ന ബോദ്ധ്യമുള്ളതുകൊണ്ടാണെന്നും ഇരുവരും പറഞ്ഞു.