കൊച്ചി: ആകാശംകീഴടക്കി മകൾ രശ്മി ജി. ഭട്ട് ഉയർന്ന് പറക്കുമ്പോൾ മാതാപിതാക്കളായ ഗോപിനാഥും ശോഭയും അതിരില്ലാത്ത സന്തോഷത്തിലാണ്. ഗൗഢ സാരസ്വത ബ്രാഹ്മണ സമുദായത്തിൽനിന്നുള്ള ആദ്യത്തെ മലയാളി ഫ്‌ളൈയിംഗ് ഓഫീസറാണ് ഇന്ത്യൻ വ്യോമസേനയുടെ പുതിയ ബാച്ചിൽ കോഴ്സ് പൂർത്തിയാക്കിയ രശ്മി.ജി.ഭട്ട്. കൊച്ചി നസ്രത്തിലെ വീട്ടിൽ ദാരിദ്ര്യവും സങ്കടങ്ങളും താണ്ടിയാണ് രശ്മി ഉയരങ്ങളുടെ ആകാശം കീഴടക്കിയിരിക്കുന്നത്.
രണ്ടാംക്ലാസുവരെ മാത്രം പഠിച്ച അച്ഛനും എട്ടാം ക്ലാസുവരെ പഠിച്ച അമ്മയും മകളുടെ സ്വപ്നങ്ങൾക്ക് ചിറകേകാൻ താണ്ടിയ വഴികൾ ചില്ലറയല്ല. അച്ഛൻ ഗോപിനാഥ് തിരുമല ദേവസ്വം ക്ഷേത്രത്തിൽ പാചകവും പൂജാകർമങ്ങളും ചെയ്തുകിട്ടുന്ന ചെറിയ വരുമാനത്തിലാണ് കുടുംബം കഴിഞ്ഞത്. പത്താംക്ലാസിൽ മട്ടാഞ്ചേരി ടി.ഡി ഹൈസ്‌കൂളിൽനിന്ന് മുഴുവൻ വിഷയങ്ങളിലും എ പ്ലസ്, തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂളിൽനിന്ന് 94 ശതമാനം മാർക്കോടെ പ്ലസ് ടുവും പൂർത്തിയാക്കിയാണ് ബംഗളുരു ടി.സി.എസിൽ ബിടെക്ക് പഠനത്തിനായി ചേർന്നത്. ഉറ്റസുഹൃത്ത് സൈന്യത്തിൽ ചേർന്നതോടെയാണ് വ്യോമസേനാമോഹം രശ്മിയിലും ഉദിച്ചത്. കടംവാങ്ങിയ പണത്തിനൊപ്പം സന്നദ്ധ സംഘടനകളുടെ സഹായത്തോടെയും ആ ലക്ഷ്യത്തിലേക്കെത്താനുള്ള യാത്രയായിരുന്നു പിന്നീട്. ഹൈദരാബാദിലെ എ.എഫ്.എ.യിലേക്കു സെലക്ഷൻ കിട്ടി. പിന്നെ ബംഗളൂരുവിലെ എ.എഫ്.ടി.സിയിൽ ഒരു വർഷം പരിശീലനം.
വഡോദരയിലെ എയർഫോഴ്‌സ് ആസ്ഥാനത്ത് നിയമനം കിട്ടി പോകുമ്പോൾ കൊവിഡ് നിയന്ത്രണങ്ങൾക്കിടയിൽ നാട്ടിലെത്തി അമ്മയുടെയും അച്ഛന്റെയും അനുഗ്രഹം വാങ്ങാൻ കഴിഞ്ഞില്ലെന്ന സങ്കടം മാത്രം. 15 ദിവസം അവധിയുണ്ടെങ്കിലും വന്നാൽ ക്വാറന്റൈനിലാവും. തിരിച്ചുചെല്ലുമ്പോൾ അവിടെയും ക്വാറന്റൈനിലാവും.