ശിവഗിരി: ലഹരിക്കെതിരെ സമൂഹ മന:സാക്ഷി ഉണരേണ്ട സമയം അതിക്രമിച്ചെന്നും ഈ മഹാവിപത്തിനെതിരെയുള്ള പോരാട്ടം കൂടുതൽ ശക്തിപ്പെടേണ്ടതുണ്ടെന്നും ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് അംഗം സ്വാമി സച്ചിദാനന്ദ പറഞ്ഞു. വിശ്വഗുരു ശ്രീനാരായണ ഗുരുവിന്റെ മദ്യം വിഷമാണ്, ഉണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത് എന്ന സന്ദേശം നൂറു വയസ് പിന്നിടുന്നതിന്റെ ഭാഗമായി ലോക ലഹരി വിരുദ്ധ ദിനത്തിൽ ദൈവദശകം കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇന്ത്യയിലും വിദേശത്തുമുള്ള 1001 നർത്തകരെ ഉൾക്കൊള്ളിച്ച് ലഹരിക്കെതിരെ സംഘടിപ്പിച്ച നടന സ്മൃതി സന്ദേശം ശിവഗിരിയിൽ ഉദ്ഘടാനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഐക്യരാഷ്ട്ര സംഘടന ആഹ്വാനം ചെയ്ത ലഹരി വിരുദ്ധ ദിനത്തിൽ സാമൂഹിക മാദ്ധ്യമത്തിലൂടെ സംഘടിപ്പിച്ചിരിക്കുന്ന നടന സ്മൃതി, ലഹരിയുടെ കരാള ഹസ്തങ്ങൾക്ക് കൈയാമമിടുകയെന്ന ശ്രമകരമായ ദൗത്യത്തെ കുറിച്ചുള്ള ഓർമപ്പടുത്തലായെന്നും സ്വാമി കൂട്ടിച്ചേർത്തു. വിശ്വ പ്രാർത്ഥന ദൈവദശകം 100 ഭാഷകളിൽ മൊഴി മാറ്റിയതിന്റെ പ്രഖാപനം നടന്ന ചടങ്ങിൽ ഗിന്നസ് റെക്കാഡ് നേടിയ ദൈവ ദശകം നൃത്താവിഷ്കാരത്തിൽ പങ്കെടുത്ത നർത്തകരാണ് നടന സ്മൃതിയിൽ പങ്കാളികളായത്. കൊവിഡ് രോഗ ഭീതിയുടെ പശ്ചാത്തലത്തിൽ ഓരോ നർത്തകരും അവരുടെ വീടുകളിൽ നൃത്തം അവതരിപ്പിച്ചു.

കലാമണ്ഡലം രേവതി വി. നായർ, കലാമണ്ഡലം ജയലക്ഷ്മി രാജീവ്, ലിസ ഗിരിവാസൻ, കലാമണ്ഡലം ആതിര മുരളീധരൻ, ബിന്ദു സുജിത്ത്, സിനിഷ സന്തോഷ് എന്നിവർ നേതൃത്വം നൽകിയ ഈ നടന സ്മൃതിയിൽ ജർമനിയിലെ ഹാംബർഗിൽ നിന്നുള്ള അന്നിക മോർഷ്യൽ ഉൾപ്പടെയുള്ളവരും നടന സ്മൃതിയിൽ പങ്കാളിയായി. മദ്യപാനം സ്വന്തം കുഞ്ഞിന്റെ ജീവൻ എടുക്കാൻ കാരണമാകുന്ന ഒരു പിതാവിന്റെ കുറ്റബോധത്തെ പ്രമേയമാക്കിയാണ് ഗുരുദേവ സന്ദേശത്തിന് സ്മൃതിയിൽ നടന ഭാവം പകർന്നത്.