കൊച്ചി: കൊവിഡും ലോക്ക്ഡൗണും മൂലം ഏലയ്ക്കാ കൃഷിയിൽ ഇക്കുറി വിളയുന്നത് കനത്ത ആശങ്ക. മൺസൂൺ കാലത്ത് ഏലച്ചെടികൾ പുഷ്‌പിക്കും. തുടർന്ന്, ആഗസ്‌റ്രോടെ വിളവെടുക്കലാണ് പതിവ്. എന്നാൽ, ഇത്തവണ ഇതുവരെ പ്രതീക്ഷിച്ച മഴ കിട്ടാത്തത് കൃഷിയെ ബാധിച്ചിട്ടുണ്ട്. കൊവിഡ് ഭീതിമൂലം തൊഴിലാളി ക്ഷാമമുള്ളതും തിരിച്ചടിയാണ്. കീടങ്ങളുടെ ആക്രമണം, തേനീച്ചകളുടെ അഭാവം എന്നിവയും ഏലക്കൃഷിയെ ബാധിച്ചിട്ടുണ്ട്.
തൊഴിലാളികൾ
വീടണഞ്ഞു
അന്യസംസ്ഥാനക്കാരാണ് ഏലത്തോട്ടങ്ങളിലെ തൊഴിലാളികളിൽ അധികവും. കൊവിഡ് ഭീതിയും ലോക്ക്ഡൗണും മൂലം ഒഡീഷ, ബംഗാൾ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ കൂട്ടത്തോടെ തിരിച്ചുപോയി. തമിഴ്‌നാട്ടുകാരുടെ വരവും കുറഞ്ഞു.
ഡിമാൻഡ് പൊലിഞ്ഞു
ലോക്ക്ഡൗണിൽ ഏലയ്ക്കാ ഡിമാൻഡ് കുത്തനെ ഇടിഞ്ഞു. ഡൽഹി, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, ഗുജറാത്ത്, മഹാരാഷ്‌ട്ര സംസ്ഥാനങ്ങളിൽ ഇപ്പോൾ ഡിമാൻഡ് തീരെയില്ല. വിദേശത്ത് അറബ് രാജ്യങ്ങളാണ് പ്രധാന വിപണി. സൗദിയിലേക്കുള്ള കയറ്റുമതി മേയിൽ പുനരാരംഭിച്ചെങ്കിലും റംസാന് ശേഷം നിലച്ചമട്ടാണ്.
₹1,600
കഴിഞ്ഞവർഷം ഇതേസീസണിൽ കിലോഗ്രാമിന് വില 4,500-6,000 രൂപവരെയായിരുന്നു. ഇപ്പോൾ വില 1,600 രൂപ.
2020 ജനുവരി : ₹3,600-4,000
കൊവിഡ് മൂലം ലേലം നിറുത്തിയ മാർച്ച് 19ന് : ₹2,359
ഇ-ലേലം വീണ്ടും തുടങ്ങിയ മേയ് 29ന് : ₹1,769
ജൂൺ 26 : ₹1,687
ഏലവും തേനീച്ചയും
ഏലക്കൃഷി സജീവമാകാൻ തേനീച്ചകൾ വേണം. 98 ശതമാനം പരാഗണവും തേനീച്ചകളെ ആശ്രയിച്ചാണ്. എന്നാൽ, അശാസ്ത്രീയ വിഷപ്രയോഗം മൂലം തേനീച്ചകൾ കൂട്ടത്തോടെ ചാകുന്നത് ഏലകൃഷിക്ക് തിരിച്ചടിയാവുകയാണ്.
''ഏലത്തിന് വില സ്ഥിരതയില്ലാത്തത് പ്രധാനവെല്ലുവിളിയാണ്. ആദായം പ്രതീക്ഷിച്ച് മുതൽ മുടക്കിയാൽ ലാഭകരമായ വില ലഭിക്കുമെന്ന ഒരുറപ്പുമില്ല""
പി.എൻ. രവിലാൽ
പാമ്പാടുംപാറ, ഏലം കർഷകൻ