kerala-highcourt

കൊച്ചി: പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് ഡോക്ടറും മെഡിക്കൽ റിപ്പോർട്ട് നൽകുന്നതിൽ വീഴ്ച വരുത്തിയെന്ന് പൊലീസും പരാതിപ്പെട്ട സംഭവത്തിൽ തന്റെ വാദം തെളിയിക്കാൻ മെഡിക്കൽ രേഖയുടെ പകർപ്പ് കിട്ടാൻ ഡോക്ടർ ഹൈക്കോടതിയെ സമീപിച്ചു. സ്വകാര്യ രേഖയായതിനാൽ നൽകാനാവില്ലെന്ന് കണ്ണൂർ ജില്ലാ ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കിയതോടെയാണ് ആരോഗ്യവകുപ്പിലെ മെഡിക്കൽ ഒാഫീസറായ ഡോ. കെ. പ്രതിഭ കോടതിയെ സമീപിച്ചത്. ഹർജിയിൽ സിംഗിൾബെഞ്ച് സർക്കാരിന്റെ വിശദീകരണം തേടി.

പ്രതികളെ മെഡിക്കൽ പരിശോധനയ്ക്ക് ഹാജരാക്കാനും സർട്ടിഫിക്കറ്റ് നൽകാനും സർക്കാർ മാനദണ്ഡങ്ങളുണ്ടാക്കിയത് ഈ സംഭവത്തെ തുടർന്നായിരുന്നു.

2018 ഏപ്രിൽ 16ന് രാത്രിയിൽ ജില്ലാ ആശുപത്രിയിലെത്തിച്ച പ്രതികളുടെ മെഡിക്കൽ സർട്ടിഫിക്കറ്റിനുവേണ്ടി കണ്ണൂർ ടൗൺ എസ്.ഐയായിരുന്ന ശ്രീജിത്ത് കൊടേരി ഭീഷണിപ്പെടുത്തിയെന്ന് ഡോ. പ്രതിഭ പരാതിപ്പെട്ടിരുന്നു. എന്നാൽ ഡോ. പ്രതിഭ സർട്ടിഫിക്കറ്റ് നൽകുന്നത് വൈകിപ്പിച്ചെന്ന് എസ്.ഐ പരാതിപ്പെട്ടതോടെ പ്രതിഭയ്ക്കെതിരെ അച്ചടക്ക നടപടിയെടുക്കാൻ ഹെൽത്ത് സർവീസ് ഡയറക്ടർക്ക് ഡി.ജി.പി ശുപാർശ നൽകി. ഇതോടെ ഡോക്ടർ നേരിട്ട് ഡി.ജി.പിക്ക് പരാതി നൽകി. വിശദ അന്വേഷണത്തിന് ഡി.ജി.പി കോഴിക്കോട് റേഞ്ച് ഐ.ജിക്ക് നിർദേശം നൽകി. ഇൗ അന്വേഷണത്തിൽ തെളിവായി ഹാജരാക്കാനാണ് പ്രതികളുടെ മെഡിക്കൽ റിപ്പോർട്ടിന്റെ പകർപ്പ് ഡോ. പ്രതിഭ ജില്ലാ ആശുപത്രി സൂപ്രണ്ടിനോട് ആവശ്യപ്പെട്ടത്.