കോലഞ്ചേരി: മാർച്ച്-ജൂൺ. പുത്തൻ ശീലയുമായി ടൈലറിംഗ് ഷോപ്പിലെത്തിയാൽ കേൾക്കുക കുറച്ച് വൈകും കേട്ടോയെന്ന തയ്യൽത്തൊഴിലാളിയുടെ പതിവ് മറുപടിയാകും. അത്ര തിരക്കാണ് കാരണം. എന്നാൽ ഈ സീസൺ കൊവിഡ് കവർന്നതോടെ ദുരിതക്കയത്തിലാണ് തയ്യൽത്തൊഴിലാളികൾ. വിവാഹം, മറ്റാഘോഷങ്ങൾ, വിനോദ യാത്ര, സ്കൂൾ യൂണിഫോം എന്നിവയ്ക്കു വേണ്ടിയുള്ള വസ്ത്രങ്ങളുടെ തയ്യലിൽ നിന്നും ലഭിക്കുന്ന വരുമാനം ഒറ്റയടിക്ക് നിലച്ചതാണ് ഇവരെ കടുത്ത പ്രതിരോധത്തിലാക്കിയത്.സാമൂഹിക അകലം പാലിച്ചും, നിശ്ചിത ആളെ പങ്കെടുപ്പിച്ചും വിവാഹങ്ങൾ നടക്കുന്നുണ്ടെങ്കിലും തയ്യലിനായി ആരുമെത്തുന്നില്ല. സ്കൂളുകൾ എന്ന് തുറക്കുമെന്ന് നിശ്ചയമില്ലാത്തതിനാൽ യൂണിഫോമിന്റെ തയ്യലും നീളുകയാണ്.
വിവിധ സ്കൂളുകളുടെ ഓർഡറനുസരിച്ച് വാങ്ങിയ യൂണിഫോം തുണിത്തരങ്ങൾ ഇതുവരെ കെട്ടു പൊട്ടിച്ചിട്ടില്ല. ഇതിനു വേണ്ടി ലക്ഷങ്ങൾ വരെ വായ്പ എടുത്തവരുണ്ട്. പലർക്കും ഇത് തിരിച്ചടക്കേണ്ട സമയമാണ്. ലോക്ക് ഡൗണിൽ അടച്ചിട്ട വലതും ഇടത്തരവുമായ തയ്യൽ സ്ഥാപനങ്ങളുടെ നഷ്ടങ്ങളും ചില്ലറയല്ല. ഇലക്ടിക് , ഓട്ടോ മാറ്റിക് തയ്യൽ മെഷീനുകൾ പലതും കേടായി.അന്യസംസ്ഥാനക്കാരായിരുന്നു ഈ മേഖലയിൽ കൂടുതലും കട്ടിംഗും സ്റ്റിച്ചിംഗും ചെയ്തിരുന്നത്. ഇവരിൽ ഭൂരിഭാഗം പേരും സ്വന്തം നാട്ടിലേക്ക് തിരിച്ച് പോയി. സ്കൂൾ തുറക്കാൻ തീരുമാനിച്ചാൽ ജോലിഭാരം ഇരട്ടിയാകുമെന്ന് ആശങ്കയും ഇവർക്കുണ്ട്. അടച്ചിട്ട കാലത്തെ വൈദ്യുതി ബില്ലിന്റെ ഷോക്ക് മറ്റൊരു ഭാഗത്തുണ്ട്. ക്ഷേമ നിധിയിൽ നിന്നും 1000 രൂപ ലഭിച്ചതൊഴിച്ചാൽ മറ്റൊരു സഹായവും തയ്യൽത്തൊഴിലാളികൾക്ക് കിട്ടിയിട്ടില്ല.
മൂന്നു ദിവസമായി കട തുറന്നിരുന്നിക്കുന്നു.. മാസ്ക്ക് തുന്നാൻ പോലും ഒരാളെത്തിയിട്ടില്ല. സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് പുതിയ തുണിത്തരങ്ങളൾ ആരും എടുക്കാത്തത്.
കെ.ആർ ബാലൻ,
മെൻ സ്റ്റൈൽ,
പട്ടിമറ്റം