കൊച്ചി: ഇന്ധന വില വർദ്ധനവിനെതിരെ വേറിട്ട പ്രതിഷേധ മാർഗവുമായി തോറ്റപ്രധാനമന്ത്രി എന്ന ഹാഷ്ടാഗിൽ സോഷ്യൽ മീഡിയ കൂട്ടായ്മ. സംസ്ഥാനത്തെ ഐ.എം.എ ബ്ലഡ് ബാങ്ക് രക്തം നൽകിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. തോറ്റപ്രധാനമന്ത്രി എന്ന ഹാഷ് ടാഗിൽ സോഷ്യൽ മീഡിയിയിൽ താരമായി മാറിയ ആഷിൻ യു.എസാണ് ആശയത്തിന് പിന്നിൽ. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ചുമത്തുന്ന പെട്രോൾ, ഡീസൽ, പാചക വാതകം, ആവശ്യവസ്തുക്കൾ എന്നിവയുടെ വിലവർദ്ധനവിനെതിരെയാണ് പ്രതികരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പ്രതിഷേധമെന്ന് ആഷിൻ പറഞ്ഞു. കൊവിഡ് ഭീതിയെ തുടർന്ന് സംസ്ഥാനത്തെ ബ്ലഡ് ബാങ്കുകളിൽ രക്തം നൽകുന്നവരുടെ എണ്ണത്തിൽ വൻ കുറവാണ് വന്നിട്ടുള്ളത്. ഇതിന് പരിഹാരമായി ബ്ലഡ് ബാങ്കുകൾ നിറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
സംസ്ഥാനത്താകെയുള്ള ഐ.എം.എകളിൽ ആർക്കും അടുത്ത പത്തു ദിവസത്തിനുള്ള രക്തം നൽകാം. എന്നാൽ രക്തം നൽകുന്നവർ ഫോട്ടോ സോഷ്യൽ മീഡിയയിൽ തോറ്റ പ്രധാനമന്ത്രി, ഇന്ത്യ ബ്ലീഡിംഗ് എന്ന ഹാഷ് ടാഗുകളിൽ പോസ്റ്റ് ചെയ്യണം.
രണ്ടായിരത്തോളം പേർ രക്തദാനം നിർവഹിക്കുമെന്നാണ് പ്രതീക്ഷ. ഒരു പ്രവൃത്തിയിലൂടെ രക്തം ആവശ്യമായവർക്കുള്ള രക്തത്തിന്റെ അളവ് ബ്ലഡ് ബാങ്കുകളിൽ സംഭരിക്കാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ഐ.എം.എ ബ്ലഡ് ബാങ്കിൽ നടന്ന രക്തദാന ചടങ്ങ് യു.ആഷിൻ ഉദ്ഘാടനം ചെയ്തു. ആൾ കേരള ബ്ലഡ് ഡോണേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജാഫർ പങ്കെടുത്തു. 65 പേർ പരിപാടിയുടെ ഭാഗമായി രക്തം നൽകി.