പിറവം: കുട്ടിക്കാലം മുതൽ സ്വപ്നംകണ്ട പ്രൊഫഷൻ എത്തിപ്പിടിച്ചതിന്റെ ത്രില്ലിലാണ് അഭിരാമി അജിത്. പൂത്തോട്ട ശ്രീനാരായണ ലാ കോളേജിൽ നിന്ന് 70 ശതമാനം മാർക്കോടെ പഞ്ചവത്സര എൽ.എൽ.ബി പൂർത്തിയാക്കിയ അഭിരാമി ഇന്നലെ ഓൺലൈനിലൂടെ നടന്ന എൻറോൾമെന്റിൽ വക്കീൽ കുപ്പായം അണിഞ്ഞു. കേരളകൗമുദി കൊച്ചി യൂണിറ്റിലെ അസി. സർക്കുലേഷൻ മാനേജർ പിറവം പാലച്ചുവട് കിളിയാംകട്ടയിൽ അജിത്കുമാറിന്റേയും ശോഭയുടേയും ഏകമകളാണ് അഭിരാമി അജിത്. പെരുവ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാണ് പ്ലസ് ടു പൂർത്തിയാക്കിയത്.

നേരത്തെ ബാർ കൗൺസിൽ നടത്തിയ നാല് ട്രയൽ റണ്ണിലും അഭിരാമി പങ്കെടുത്തിരുന്നു. രാവിലെ 10നായിരുന്നു എൻറോൾമെന്റ്. 785 പേർ സന്നതെടുത്തു. 25 പേരടങ്ങുന്ന നാല് ഗ്രൂപ്പുകളായി തിരിച്ചായിരുന്നു ചടങ്ങ്. ബാർ കൗൺസിൽ ചെയർമാനും മെമ്പർമാരും പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ഔദ്യോഗിക വസ്ത്രമണിഞ്ഞ് വീട്ടിലിരുന്ന് അഭിരാമി പ്രതിജ്ഞയെടുത്തത് കാണാൻ മാതാപിതാക്കൾക്കൊപ്പം കേരളകൗമുദി കൊച്ചി യൂണിറ്റ് ചീഫ് പ്രഭു വാര്യർ, മാർക്കറ്റിംഗ് വിഭാഗം ഡെപ്യൂട്ടി ജനറൽ മാനേജർ റോയി ജോൺ, സർക്കുലേഷൻ മാനേജർ സി.വി മിത്രൻ എന്നിവരും അടുത്ത ബന്ധുക്കളും സന്നിഹിതരായിരുന്നു.