കൊച്ചി: അകാല മരണം സംഭവിച്ച കോർപ്പറേഷൻ ഇ ഗവേണൻസ് പദ്ധതിക്ക് പുനർജന്മം. ഡാറ്റാ ബാക്ക് അപ്പ് സംവിധാനം നൽകാതെ ഓൺലൈൻ നടത്തിപ്പിന്റെ ചുമതല ഏറ്റെടുത്തിരുന്ന ടി.സി.എസ് (ടാറ്റാ കൺസൾട്ടൻസി സർവീസ്) പിൻമാറിയതോടെ പെരുവഴിയിലായ പദ്ധതി ഐ.കെ.എം (ഇൻഫോമേഷൻ കേരള മിഷൻ) ഏറ്റെടുക്കുന്നു. ഇതുസംബന്ധിച്ച അജണ്ട ചൊവ്വാഴ്ച നടക്കുന്ന കൗൺസിൽ യോഗം പരിഗണിക്കും. കോർപ്പറേഷന് മാത്രമായി വേണ്ടിവരുന്ന കസ്റ്റമൈസേഷനും അധികം മൊഡ്യൂളുകളും നടപ്പാക്കുന്ന ചുമതല ഐ.കെ.എമ്മിനെ ഏല്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

# വൈകിവന്ന വിവേകം

കോർപ്പറേഷൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. കൊവിഡ് നികുതി പിരിവിനെയും ബാധിച്ചു. മാർച്ച് മുതൽ ഓഫീസ് അടഞ്ഞുകിടന്നതിനാൽ നികുതി വരുമാനം ഇല്ലാതായി ഓൺലൈൻ വഴി പണം സ്വീകരിക്കാൻ മാർഗമില്ലാത്തതും തിരിച്ചടിയായി. വിവിധ സർട്ടിഫിക്കറ്റുകൾ വാങ്ങുന്നതിനായി നൂറു കണക്കിന് ആളുകൾ ഓഫീസ് കയറിയിറങ്ങുന്നതിനാൽ സാമൂഹിക അകലം ഇല്ലാതായി ഓൺലൈൻ സംവിധാനമില്ലാതെ ഇനി മുന്നോട്ടു നീങ്ങാൻ കഴിയില്ലെന്ന് ബോദ്ധ്യമായതോടെയാണ് ഐ.കെ.എമ്മിന്റെ സേവനം സ്വീകരിക്കാൻ അധികൃതർ തീരുമാനിച്ചത്

# പാഴായ വാഗ്ദാനങ്ങൾ

2011 ൽ യു.ഡി.എഫ് നേതൃത്വത്തിലുള്ള കൗൺസിൽ ഇ ഗവേണൻസ് പദ്ധതി നടപ്പിലാക്കാൻ 8.10 കോടി രൂപയ്ക്ക് സ്വകാര്യ കമ്പനിയായ ടി.സി എസിനെ ചുമതലപ്പെടുത്തി.

ജനന ,മരണ സർട്ടിഫിക്കറ്റ്, വിവാഹ രജിസ്‌ട്രേഷൻ, നികുതി പിരിവ് ഉൾപ്പെടെയുള്ള 22 ഓൺലൈൻ സേവനങ്ങൾ 56 ആഴ്ച കൊണ്ട് പൂർത്തീകരിക്കുമെന്നായിരുന്നു ധാരണ. പലതവണ കരാർ നീട്ടി നൽകിയെങ്കിലും പദ്ധതി പൂർത്തിയാക്കാൻ ടി.സി.എസിന് കഴിഞ്ഞില്ല.5 കോടിയോളം രൂപയാണ് ഇതുവരെ കമ്പനിക്ക് കൈമാറിയത്.പദ്ധതിയിൽ നിന്ന് പിൻമാറുന്നതായി കഴിഞ്ഞ 9 ന് ടി.സി.എസ് അറിയിച്ചു.

# ഡാറ്റാ ബാക്ക് അപ്പ് ചെയ്തു

അതിനിടെ നെറ്റ് വർക്കിലേക്ക് അനുവാദമില്ലാതെ കയറുന്ന പ്രോഗ്രാമുകളെ തടയുന്നതിനുള്ള ഫെയർവാൾ നെറ്റ് വർക്ക് ഡിവൈസുകൾ കാലഹരണപ്പെട്ടതിനാൽ കൊച്ചി കോർപ്പറേഷന്റെ കൈവശമുള്ള ഡാറ്റകൾ ആർക്കും ചോർത്താൻ കഴിയുന്ന അവസ്ഥയുണ്ടായി. തുടർന്ന് ഡാറ്റാ ബാക്ക് അപ് സംവിധാനം തയ്യാറാക്കുന്നതിനുള്ള സാങ്കേതിക സഹായം തേടി സെക്രട്ടറി ആർ.രാഹുൽ സർക്കാരിന് കത്തു നൽകി. ഇതേതുടർന്ന് ഐ.ടി.മിഷന്റെ കീഴിലുള്ള സ്റ്റേറ്റ് ഡാറ്റാ സെന്റർ പദ്ധതിയുമായി ബന്ധപ്പെട്ട ഡിജിറ്റൽ വിവരങ്ങളും അനുബന്ധ രേഖകളും ബാക്ക് അപ് ചെയ്തതു രക്ഷയായി