മൂവാറ്റുപുഴ: മാറാടി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ നിർമ്മിച്ച കരോട്ട്കുന്നേൽ ഭാഗം പഞ്ചായത്ത് ഓഫീസ് മിനി കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം എൽദോ എബ്രഹാം എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലത ശിവൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.അരുൺ മുഖ്യപ്രഭാഷണം നടത്തി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.യു.ബേബി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഒ.പി.ബേബി, ഒ.സി.ഏലിയാസ്, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.എസ്.മുരളി, വത്സല ബിന്ദുകുട്ടൻ, രമ രാമകൃഷ്ണൻ, വിവിധ കക്ഷിനേതാക്കളായ എം.പി.ലാൽ, എം.എൻ.മുരളി, പോൾ പൂമറ്റം, പഞ്ചായത്ത് മെമ്പർമാർ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. നിലവിൽ പ്രദേശത്ത് വാട്ടർ അതോറിറ്റിയുടെ കുടിവെള്ളമാണ് ഉപയോഗിക്കുന്നത്. പദ്ധതി യാഥാർത്ഥ്യമായതോടെ പ്രദേശത്ത് അടിയ്ക്കടി കുടിവെള്ളം മുടങ്ങുന്നതിന് പരിഹാരമായി.
#പദ്ധതി ഇങ്ങനെ
പഞ്ചായത്തിൽ നിന്നും അനുവദിച്ച 10 ലക്ഷം രൂപ മുതൽ മുടക്കിയാണ് കുടിവെള്ള പദ്ധതിയുടെ നിർമ്മാണം പൂർത്തിയായത്. മണ്ണത്തൂർ കവലയിലുള്ള പഞ്ചായത്ത് കിണറിൽ നിന്നും വെള്ളം പമ്പ് ചെയ്ത് പഞ്ചായത്ത് ഓഫീസിന് സമീപത്തുള്ള ഉയർന്ന പ്രദേശത്ത് സ്ഥാപിച്ച ടാങ്കിൽ വെള്ളമെത്തിച്ച് വിതരണം ചെയ്യുന്നതാണ് പദ്ധതി. 25ഓളം കുടുംബങ്ങൾക്കും പഞ്ചായത്ത് ഓഫീസ് അടക്കമുള്ള ഓഫീസിലേയ്ക്കും സുഗമമായി കുടിവെള്ളമെത്തിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നത്.