കൊച്ചി: 'നിങ്ങൾ എന്റെ പാസ്‌പോർട്ട് തന്ന് ഏതെങ്കിലും ഒരു രാജ്യത്ത് കൊണ്ടുവിടൂ, ഞാൻ ജീവിച്ചു കാട്ടിത്തരാം.' കുട്ടിക്കാലത്ത് ആത്മവിശ്വാസത്തിന്റെ നെറുകയിൽ സൗത്ത്ആഫ്രിക്കയിലെ കേപ്ടൗണിലിരുന്ന് ഇങ്ങനെ പറഞ്ഞപ്പോൾ കാലം തനിക്കായി കാത്തുവച്ചത് അത്തരമൊരു വിസ്മയമാണെന്ന് മുപ്പത്തേഴുകാരിയായ യോഷ്നി ഒരിക്കലും കരുതിയിരുന്നില്ല. തന്റെ വേരുതേടിയിറങ്ങി കേരളത്തിലെത്തുക, കൂടെവന്ന കൂട്ടുകാരൻ പാസ്പോർട്ട് മാത്രം നൽകി സ്ഥലംവിടുക, കൊവിഡ് ഭീതിയിൽ ലോകം മുൾമുനയിൽ നിൽക്കുമ്പോൾ ഭാഷയോ ആളുകളെയോ അറിയാത്ത നാട്ടിൽ ജീവിക്കുക... അതാണ് ഇപ്പോൾ യോഷ്നിയുടെ ജീവിതം.
സുഹൃത്ത് റോബർട്ടിനൊപ്പം സൗത്ത്ആഫ്രിക്കയിൽ നിന്ന് കേരളത്തിൽ അമ്മയുടെ ബന്ധുക്കളെ തേടിയിറങ്ങിയതാണ് യോഷ്നി. ആഫ്രിക്കയിൽ ദിവസേന ഒരു റോഡ്ട്രിപ്പ് എന്ന് പദ്ധതിയിട്ട യാത്ര പെട്ടെന്ന് തന്റെ വേരുകളുറങ്ങുന്ന മണ്ണിലേക്കെന്ന് തിരുത്തുകയായിരുന്നു.
അങ്ങനെ ഫെബ്രുവരിയിൽ മുംബയിൽ വിമാനമിറങ്ങി. അവിടെനിന്ന് ബംഗളൂരുവഴി കൊച്ചിയിലേക്ക്. കൊച്ചിയിലെത്തി രണ്ടുദിവസം കഴിഞ്ഞപ്പോൾ ഇന്ത്യയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ഇളവ് വന്നതോടെ യാത്ര തുടരാമെന്ന് ആലോചിച്ചപ്പോഴാണ് എവിടേയ്ക്കാണെന്ന് ഒരു വാക്കുപോലും പറയാതെ തനിച്ചാക്കി കൂട്ടുകാരൻ പോയത്. ഫോർട്ടുകൊച്ചിയിൽ വാടകയ്ക്കെടുത്ത അപ്പാർട്ട്മെന്റിലാണ് താമസം. സുമനസുകളുടെ സഹായത്തോടെ തന്റെ വരവിന്റെ ലക്ഷ്യം പൂർത്തീകരിക്കാനാകുമെന്ന് യോഷ്നി വിശ്വസിക്കുന്നു.
തിരികെ ടിക്കറ്റെടുത്തിരിക്കുന്നത് ഡിസംബറിലാണ്. പക്ഷേ വിസ കാലാവധി ജൂലായിൽ തീരും. യാത്ര തുടരാൻ ഒരുജോലി നേടണമെന്ന് ആഗ്രഹമുണ്ട്. മോഡലിംഗ് താത്പര്യമുള്ള യോഷ്നി ജയസൂര്യ നായകനായ വെള്ളം സിനിമയിൽ കഴിഞ്ഞദിവസം കാമറയ്ക്ക് മുന്നിലെത്തി.
# വേരുകൾ മലബാറിലെ കുറമ്പനാട്ടിൽ
1903ൽ മുതുമുത്തച്ഛൻ (അമ്മയുടെ അച്ഛന്റെ അച്ഛൻ) ദക്ഷിണാഫ്രിക്കയിലേക്ക് സഞ്ചരിച്ച കപ്പൽരേഖ മാത്രമാണ് കൈയിലുള്ളത്. അതിൽ മലബാർ ജില്ലയിലെ കുറമ്പനാട് താലൂക്ക്, വില്ലേജ് പരേമ്പ്ര അംശം എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടീഷുകാർ കാപ്പിത്തോട്ടം നിർമ്മിക്കാൻ തൊഴിലാളികളായി കൊണ്ടുപോയതാണ് മുതുമുത്തച്ഛൻ ഉൾപ്പെടെയുള്ള സംഘത്തെ. മലയാളികളും തമിഴരുമെല്ലാം അക്കൂട്ടത്തിലുണ്ടായിരുന്നു. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങാൻ ആവശ്യത്തിന് രേഖയില്ലാതെ ദക്ഷിണാഫ്രിക്കയിൽ തുടർന്ന് താമസിക്കുകയായിരുന്നു മിക്കവരും. യോഷ്നിക്ക് കേട്ടുപരിചയമുള്ള ഭാഷ തമിഴാണ്. അച്ഛന്റെ വേരുകൾ തമിഴ്നാട്ടിലാണ്.