കൊച്ചി : കോതമംഗലം ആറൂർ സെന്റ് മേരീസ് മേരിഗിരി പള്ളിയിൽ 1934 ലെ സഭാ ഭരണഘടനയനുസരിച്ച് ഭരണം നടത്താൻ എറണാകുളം ജില്ലാ കോടതി വിധിച്ചു. 1934 ലെ ഭരണഘടനയ്ക്കു വിരുദ്ധമായി ഇവിടെ പൊതുയോഗം ചേരുന്നതും സംഘടിപ്പിക്കുന്നതും കോടതി വിലക്കിയിട്ടുണ്ട്. പള്ളിയുടെ അവകാശത്തിനായി ഒാർത്തഡോക്സ് - യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ള തർക്കമാണ് കോടതിയിലെത്തിയത്. പി.സി. സ്കറിയ, അനിൽകുമാർ പോൾ, വി.എസ്. ജോർജുകുട്ടി, സി.വി. ഏലിയാസ് എന്നിവർ നൽകിയ ഹർജിയും കെ.ടി. ബേബി, കെ.പി പൗലോസ്, സാജു ജോൺ എന്നിവരടക്കം 15 പേർ നൽകിയ ഹർജിയും പരിഗണിച്ചു തീർപ്പാക്കിയാണ് കോടതിയുടെ വിധി.