help
ചെങ്ങമനാട് സർവ്വീസ് സഹകരണ ബാങ്കിന്റെ സഹായം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.എ. ഇബ്രാഹിം കുട്ടിയും ബാങ്ക് പ്രസിഡന്റ് പി.ജെ. അനിലും ചേർന്ന് കൈമാറുന്നു

നെടുമ്പാശേരി: അനാഥരായ കുട്ടികൾക്ക് കൈത്താങ്ങായി ചെങ്ങമനാട് സർവീസ് സഹകരണ ബാങ്ക്. ചെങ്ങമനാട് പുതുവാശേരി തോപ്പിൽപറമ്പിൽ രാജമ്മ മരണപ്പെട്ടതോടെ അനാഥരായ രാജമ്മയുടെ രണ്ടു പെൺമക്കളും മൂന്നു ചെറുമക്കൾക്കുമാണ് ബാങ്ക് സഹായം നൽകിയത്.
അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന രാജമ്മ ഏതാനും ദിവസം മുമ്പാണ് മരിച്ചത്. രാജമ്മയുടെ ഭർത്താവ് വർഷങ്ങൾക്കു മുമ്പേ മരിച്ചതാണ്. വിവാഹിതയായിരുന്ന മൂത്ത മകളും ഭർത്താവും അഞ്ച് വർഷം മുമ്പ് പൊള്ളലേറ്റ് മരിച്ചു. ഇതോടെ ഇവരുടെ രണ്ടു മക്കളുടെയും സംരക്ഷണ ചുമതല രാജമ്മക്കായിരുന്നു. കഴിഞ്ഞ ആറിന് രാജമ്മയും മരണത്തിന് കീഴടങ്ങിതോടെ നാലു പെൺകുട്ടികളും ഒരു ആൺകുട്ടിയും അടങ്ങുന്ന കുടുംബം ഒറ്റപ്പെട്ടു. കുട്ടികളുടെ ഒരു വർഷത്തെ വിദ്യാഭ്യാസ ചെലവുകൾ പൂർണമായും ചെങ്ങമനാട് ബാങ്ക് ഏറ്റെടുത്തു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.എ. ഇബ്രാഹിം കുട്ടി കുട്ടികൾക്ക് പഠനോപകരണങ്ങളും ബാങ്ക് പ്രസിഡന്റ് പി.ജെ. അനിൽ ആദ്യ ഗഡു ധനസഹായവും കൈമാറി. എം.ആർ. സത്യൻ, ടി.എച്ച്. കുഞ്ഞുമുഹമ്മദ്, എം.പി. രാജൻ, കെ.ബി. മനോജ് കുമാർ, ജെമി കുര്യാക്കോസ്, ഇ.ഡി. ഉണ്ണികൃഷ്ണൻ, പി.ജെ. അനൂപ് തുടങ്ങിയവർ പങ്കെടുത്തു. വാർഡ് മെമ്പർ രമണിയുടെയും നേതൃത്വത്തിൽ രൂപീകരിച്ചിട്ടുള്ള കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടികളെ സഹായിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.