കൊച്ചി: പരീക്ഷണാടിസ്ഥാനത്തിൽ കെ.എസ്.ആർ.ടി.സി ആരംഭിച്ച റിലേ സർവീസിൽ എറണാകുളം ഡിപ്പോയിൽ നിന്ന് നാലു ബസുകൾ ഓടും. ജില്ലയിൽ നിന്ന് ആലപ്പുഴയിലേക്കും തൃശൂർക്കുമാണ് സർവീസ്. ഓരോ ഡിപ്പോയിൽ നിന്നും ബസുകൾ എത്തുന്ന മുറയ്ക്ക് അയൽ ജില്ലകളിലേക്ക് സർവീസ് ക്രമീകരിക്കുന്ന രീതിയിലാണ് റിലേ സർവീസ്. കൊവിഡ് പശ്ചാത്തലത്തിൽ ദീർഘ ദൂര സർവീസുകൾ കോർപ്പറേഷൻ അവസാനിപ്പിച്ചിരുന്നു. ഡിപ്പോകളിൽ എത്തുന്ന റിലേ ബസുകൾ അണുവിമുക്തമാക്കും. ഓരോ മണിക്കൂർ ഇടവിട്ട് എറണാകുളം ഡിപ്പോയിൽ നിന്ന് സൂപ്പർ ഫാസ്റ്റ് ഡീലക്സ് ബസുകളും സർവീസ് നടത്തുന്നുണ്ട്. ഡീലക്സ് നിരക്കിലാണ് തൊട്ടടുത്ത ഡിപ്പോയിലേക്കായിരിക്കും സർവീസ്. ആദ്യ ബസ് അഞ്ചു മണിയോടെ പുറപ്പെടും. രാത്രി ഒമ്പതിന് അവസാന ബസ് തിരിച്ചെത്തും. യാത്രാക്കാർ കൂടിയാൽ സർവീസും കൂട്ടും.
റിലേ സർവീസ് ഇങ്ങനെ:
നിലവിൽ അയൽ ജില്ലയിലേക്ക് സർവീസ് നടത്തൻ മാത്രമാണ് അനുമതി. അതിനാൽ സർവീസ് അവസാനിക്കുന്നിടത്ത് നിന്ന് മറ്റൊരു ബസ് കയറണം. എന്നാൽ അടുത്ത ജില്ലയിലേക്കുള്ള യാത്രയ്ക്ക് മണിക്കൂറോളം ബസ് കാത്ത് നിൽക്കണം. എന്നാൽ റിലേ സർവീസ് ബസുകളിൽ യാത്ര ചെയ്യുന്ന യാത്രികന് അടുത്ത ജില്ലയിൽ ഇറങ്ങിയാൽ കാത്തിരിക്കേണ്ടി വരില്ല. യാത്രക്കാർക്കായി ബസ് തയ്യാറായി ഡിപ്പോയിലുണ്ടാകും. തിരുവനന്തപുരത്ത് സൂപ്പർ ഫാസ്റ്റിൽ എറണാകുളം ടിക്കറ്റിൽ യാത്ര ചെയ്യുന്ന ആൾക്ക് കൊല്ലത്ത് എത്തുമ്പോൾ അവിടെ നിന്ന് ആലപ്പുഴയിലേക്കും ആലപ്പുഴയിൽ എത്തുമ്പോൾ അവിടെ നിന്ന് എറണാകുളത്തേക്കും സൂപ്പർ ഫാസ്റ്റ് ബസുകൾ ലഭ്യമാവുമെന്ന് ചുരുക്കം.
സർവീസുകൾ കാര്യക്ഷമാവും:
നിലവിൽ പരീക്ഷണാടിസ്ഥാനത്തിലാണ് സർവീസ് നടത്തുന്നത്. തിങ്കളാഴ്ച്ച മുതൽ സർവീസുകൾ കാര്യക്ഷമമാക്കാനാണ് തീരുമാനം. കൂടുതൽ യാത്രാക്കാർ തിങ്കളാഴ്ച്ച മുതൽ ബസുകളിലുണ്ടാവുമെന്നാണ് കരുതുന്നത്. നിലവിൽ യാത്രാക്കാരുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാവും സർവീസുകൾ
എം.വി. താജുദ്ദീൻ
ഡി.ടി.ഒ.
എറണാകുളം ഡിപ്പോ