കോലഞ്ചേരി: പൊൽ ആപ്പ് പൊലീസുകാർക്ക് പൊല്ലാപ്പായി. പൊലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പാണിത്. ഇനി പൊലീസിന്റെ സേവനം വേണമെന്നുള്ളവർക്ക് ആപ്പ് മൊബൈൽ ഫോണിൽ നിർബന്ധമാക്കണമെന്നാണ് ഉത്തരവ്. ഔദ്യോഗികാവശ്യങ്ങൾക്ക് പോകുന്ന പൊലീസുകാർ നിർബന്ധമായും ആപ്പ് മൊബൈലിൽ ഡൗൺ ലോഡു ചെയ്യണം. ഇതാണ് പൊലീസിനെ വെട്ടിലാക്കിയത്. ഓൺലൈൻ ക്ളാസുകൾ തുടങ്ങിയതോടെ മിക്കവരും സ്മാർട്ട് ഫോൺ മക്കൾക്ക് കൈമാറി ബെയ്സ് മോഡൽ ഫോണുമായാണ് നടപ്പ്. ഇതു പാടില്ലെന്നാണ് നിർദ്ദേശം. ആപ്പിന്റെ ഗുണങ്ങൾ വിശദീകരിച്ചാകണം ഉപയോഗം ഉറപ്പാക്കേണ്ടത്. പാസ്‌പോർട്ട് അന്വേഷണത്തിനായി പോകുന്ന പൊലീസ് ഉദ്യേഗസ്ഥർ അപേക്ഷകൻ ആപ്പ് ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കണം.സ്റ്റുഡന്റ് പൊലീസുകളുള്ള സ്കൂളുകളിലെ മുഴുവൻ അദ്ധ്യാപകരും രക്ഷിതാക്കളും ആപ്പ് ഉപയോഗിക്കുന്നതിന് പ്രേരിപ്പിക്കണം. ജനമൈത്രി ബീറ്റ് പൊലീസുകാർ അവരുടെ പ്രവർത്തനമേഖലയിലെ മുഴുവൻ ജനങ്ങളും ആപ്പ് ഉപയോഗിക്കുന്നതിന് ശ്രമിക്കണം. സംസ്ഥാനത്ത് എത്ര പേർ ആപ്പ് ഉപയോഗിക്കുന്നു എന്ന കണക്കെടുപ്പ് ജൂലായ് ഒന്നിന് നടത്തും.
#ആപ്പ് കൂടുതൽ പേരിൽ എത്തിച്ചാൽ പാരിതോഷികം
കൂടാതെ ആപ്പ് ഏറ്റവും കൂടുതൽ പേരിൽ എത്തിക്കുന്ന പൊലീസുദ്യോഗസ്ഥന് പാരിതോഷികവും നൽകും. പൊലീസ് സേനയിലെ മുഴുവൻ അംഗങ്ങളും അവരുടെ കുടുംബത്തിലെ എല്ലാവർക്കും ആപ്പ് നിർബന്ധമാക്കണമെന്നും നിർദേശത്തിലുണ്ട്. പൊലീസ് സേനാംഗങ്ങളും ക്യാമ്പ് ഫോളോവർമാരും മിനിസ്റ്റീരിയൽ സ്റ്റാഫും ആപ്പ് ഉപയോഗിക്കണം.സേവനം തേടിയെത്തുന്ന ജനങ്ങളോട് പൊൽ ആപ്പ് ഉപയോഗിക്കാൻ പ്രേരിപ്പിക്കേണ്ട ചുമതല സ്റ്റേഷൻ പി.ആർ.ഒ.മാരെയും റൈറ്റർമാരെയും ഏൽപ്പിച്ചു.
ആപ്പിന്റെ ഗുണങ്ങൾ
റൂറൽ ജില്ല തിരിച്ച് മുഴുവൻ ഉദ്യോഗസ്ഥരുടേയും പൊലീസ് സ്റ്റേഷനുകളുടെയും ഫോൺ നമ്പർ
ടാക്സി വാഹന യാത്ര പൊലീസ് സഹായത്തോടെ ട്രാക്ക് ചെയ്യാൻ സൗകര്യം
നിൽകുന്ന സ്ഥലത്ത് നിന്ന് തൊട്ടടുത്ത പൊലീസ് സ്റ്റേഷൻ കണ്ടെത്താൻ മാപ്പിംഗ്
പാസ്പോർട്ട് ഓൺലൈൻ വേരിഫിക്കേഷൻ സൗകര്യം
എഫ്.ഐ.ആർ ഡൗൺ ലോഡ് ചെയ്യാം
വീടു പൂട്ടി പുറത്തു പോയാൽ അറിയിക്കാം
ഒറ്റയ്ക്ക് താമസിക്കുന്നവരുടെ വിവരങ്ങൾ കൈമാറാം
തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലേയ്ക്ക് ആപ്പു വഴി വിളിക്കാം