കോലഞ്ചേരി: നിയന്ത്രണങ്ങളും മുൻകരുതലുകളും കാ​റ്റിൽ പറത്തി ജില്ലയിൽ പലയിടങ്ങളിലും അലക്ഷ്യമായ മാസ്‌ക് വില്പന. പെട്ടിക്കടകളിലും പച്ചക്കറി വില്ക്കുന്ന കടകളിലും ഉൾപ്പെടെ മാസ്കുകൾ തൂങ്ങിക്കിടക്കുന്ന കാഴ്ചകളാണ്. ആളുകളെ ആകർഷിക്കാൻ പല നിറങ്ങളിലുള്ള മാസ്കുകൾ വിപണിയിലെത്തിയതോടെ കടയുടെ വെളിയിലേക്ക് തട്ട് അടിച്ചും വള്ളിയിൽ തൂക്കിയയുമിട്ടുമാണ് വില്പന.റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ പുകയും അന്തീക്ഷത്തിലെ പൊടിയും ഏ​റ്റ് കിടക്കുന്നതാണ് ആളുകൾ വാങ്ങി ഉപയോഗിക്കുന്നത്.

#അലക്ഷ്യമായ മാസ്‌ക് വില്പന

ചില കടയ്ക്കുള്ളിൽ മുൻകരുതലുകളൊന്നുമില്ലാതെ മാസ്കുകൾ കൂട്ടിയിട്ടാണ് വില്പന. ഇവയിൽനിന്ന് ആളുകൾ മുഖത്ത് വച്ചുനോക്കി ഇഷ്ടപ്പെട്ടില്ലെങ്കിൽ തിരിച്ചിടുന്നവും പതിവാണ്. ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച് കടകൾ പ്രവർത്തിപ്പിച്ചപ്പോൾ പായ്ക്ക് ചെയ്തായിരുന്നു വില്പനയെങ്കിൽ ഇപ്പോൾ സ്ഥിതി മാറി. മാസ്ക് ധരിക്കുന്നതിനുള്ള മുൻ കരുതലുകൾ പലരും സ്വീകരിക്കുന്നില്ലെന്നും ആരോഗ്യ പ്രവർത്തകർ പറയുന്നു.

#പൊലീസിനെ കാണുമ്പോൾ മാത്രം മാസ്ക്

പൊലീസിനെ കാണുമ്പോൾ മാത്രം മാസ്ക് ധരിക്കുന്ന ഒരു കൂട്ടരും പൊതു ഇടങ്ങളിൽ കറങ്ങുന്നുണ്ട്. കഴുത്തിലാണ് ഇവരുടെ മാസ്ക് ധാരണം. പൊലീസിന് കാണുമ്പോൾ കയറ്റി ഇടും. സ്വന്തം സുരക്ഷയും സമൂഹത്തിന്റെ സുരക്ഷയും മുൻ നിർത്തി വേണം മാസ്ക് ഉപയോഗിക്കണമെന്നാണ് മുന്നറിയിപ്പ്

#മാസ്ക് ചില്ലറകാരനല്ല

മൂക്കും വായും പൂർണമായും മൂടുന്ന വിധത്തിലായിരിക്കണം മാസ്ക് ധരിക്കേണ്ടത്

ധരിച്ചിരിക്കുന്ന മാസ്കിന്റെ മുകൾഭാഗത്ത് പിടിക്കുകയോ, താടിയിലേക്കു താഴ്ത്തി വയ്ക്കുകയോ ചെയ്യരുത്

ഡിസ്‌പോസിബിൾ മാസ്ക് പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കരുത്. ഇവ വീടുകളിൽ സുരക്ഷിതമായി കത്തിച്ചു കളയണം.

തുണി ഉപയോഗിച്ചുള്ള മാസ്ക് ഉപയോഗിച്ചതിനു ശേഷം സോപ്പും വെള്ളവും ഉപയോഗിച്ചു നന്നായി കഴുകി വെയിലത്ത് ഉണക്കി ഇസ്തിരിയിട്ട് വീണ്ടും ഉപയോഗിക്കാം

മാസ്ക് ധരിക്കുന്നതിനു മുമ്പും മാ​റ്റിയതിനു ശേഷവും
കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് അണുവിമുക്തമാക്കണം