kelu

കൊച്ചി : കൊവിഡ് ഭീഷണി മറികടന്ന് ഒാൺലൈൻ പ്ളാറ്റ്ഫോമിലൂടെ സത്യവാചകം ചൊല്ലി അഭിഭാഷകരായത് 785 പേർ. കേരള ബാർ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഇന്നലെ സംഘടിപ്പിച്ച ഒാൺലൈൻ എൻറോൾമെന്റ് ഇന്ത്യയിൽ തന്നെ ആദ്യത്തേതായിരുന്നു. 25 പേരുൾപ്പെട്ട ഒാരോ ഗ്രൂപ്പായാണ് സത്യവാചകം ചൊല്ലിയത്. ബാർ കൗൺസിൽ ചെയർമാൻ അഡ്വ. കെ.പി. ജയചന്ദ്രൻ സത്യവാചകം ചൊല്ലിക്കൊടുത്തു. കേരളത്തിനു പുറമേ തമിഴ്നാട്ടിലും ന്യൂഡൽഹിയിലും ആൻഡമാനിലുമിരുന്ന് നിയമബിരുദധാരികൾ സത്യവാചകം ഏറ്റുചൊല്ലി അഭിഭാഷകരായി. സത്യപ്രതിജ്ഞയ്ക്കുശേഷം ഇവരെ പ്രത്യേകം വിളിച്ച് എൻറോൾ ചെയ്തതായി അറിയിച്ചതോടെയാണ് ചടങ്ങുകൾ അവസാനിച്ചത്.

കൊവിഡ് രോഗഭീഷണി ഒഴിഞ്ഞശേഷം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.അടുത്തദിവസം മുതൽ അഭിഭാഷകരായി പ്രാക്ടീസ് തുടങ്ങാമെന്ന് ബാർ കൗൺസിൽ അറിയിച്ചു.

ഒാൺലൈൻ പ്ളാറ്റ്ഫോമിലൂടെ എൻറോൾമെന്റ് നടത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയ തൃശൂർ സ്വദേശി ഹരികൃഷ്‌ണൻ വീട്ടിൽനിന്നാണ് ചടങ്ങിൽ പങ്കെടുത്തത്.

വെബ് എക്സ് ആപ്ളിക്കേഷന്റെ സഹായത്തോടെ രാവിലെ പത്തോടെയാണ് കേരള ബാർ കൗൺസിൽ ഹാളിൽ ചെറിയ ചടങ്ങോടെയാണ് എൻറോൾമെന്റ് തുടങ്ങിയത്. അഡ്വക്കേറ്റ് ജനറൽ സി.പി. സുധാകരപ്രസാദ്, ബാർ കൗൺസിൽ ചെയർമാൻ അഡ്വ. കെ.പി. ജയചന്ദ്രൻ, എൻറോൾമെന്റ് കമ്മിറ്റി ചെയർമാൻ പി. സന്തോഷ്‌കുമാർ, ബാർ കൗൺസിൽ ഒഫ് ഇന്ത്യ അംഗം എൻ. മനോജ്കുമാർ എന്നിവർ സംസാരിച്ചു.