മൂവാറ്റുപുഴ: സംസ്ഥാന സർക്കാർ സ്മാർട്ട് വില്ലേജ് ഓഫീസായി പ്രഖ്യാപിച്ച പോത്താനിക്കാട് വില്ലേജ് ഓഫീന്റെ നിർമാണോദ്ഘാടനം ഇന്ന് രാവിലെ 11ന് എൽദോ എബ്രഹാം എം.എൽ.എ നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ശാന്തി എബ്രഹാം അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് മെമ്പർ കെ.ടി.എബ്രഹാം മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിൽ ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികൾ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ സംസാരിക്കും. നിയോജക മണ്ഡലത്തിലെ മൂന്നാമത്തെ സ്മാർട്ട് വില്ലേജ് ഓഫീസാണ് പോത്താനിക്കാട് വില്ലേജ് ഓഫീസ്.
നിലവിൽ കാലപ്പഴക്കം ചെന്ന കെട്ടിടത്തിലാണ് പോത്താനിക്കാട് വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നത്. ഈ കെട്ടിടം പൊളിച്ച് മാറ്റിയാണ് പുതിയ മന്ദിരം നിർമിക്കുന്നത്. ഇതിനായി റവന്യൂ വകുപ്പിൽ നിന്നും 40ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. പോത്താനിക്കാട് വില്ലേജ് ഓഫീസ് സ്മാർട്ട് വില്ലേജ് ഓഫീസാകുന്നതോടെ മെച്ചപ്പെട്ട ഭൗതിക സാഹചര്യമാവും ജനങ്ങൾക്ക് ലഭ്യമാകുന്നത്. പുതിയ മന്ദിരത്തിൽ കമ്പ്യൂട്ടർ ഉപയോഗിക്കാൻ അറിയാത്തവർക്ക് സഹായത്തിനായി 'ഫ്രണ്ട് ഓഫീസ്' സംവിധാനവും, ടോക്കൺ സംവിധാനം, നമ്പർ പ്രദർശിപ്പിക്കുന്ന ഇലക്ട്രോണിക് ബോർഡ്, സ്ത്രീകൾക്കും മുതിർന്നവർക്കും വികലാംഗർക്കും വിശ്രമമുറി, ഒരേസമയം ഏഴുപേർക്ക് ഇരുന്ന് ജോലിചെയ്യാൻ പാകത്തിലുള്ള ഫ്രണ്ട് ഓഫീസ്, ജീവനക്കാർക്കും പൊതുജനങ്ങൾക്കും പ്രത്യേകം ടോയ്‌ലറ്റ് സൗകര്യം, ഫയലുകൾ സൂക്ഷിക്കാൻ അടച്ചുറപ്പുള്ള ഡോക്യുമെന്റ് റൂം, പൂന്തോട്ടം എന്നിവ സ്മാർട്ട് വില്ലേജ് ഓഫീസുണ്ടാകും.