കൊച്ചി : നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി പാലക്കാട് സ്വദേശി മുഹമ്മദ് ഷെരീഫിനെ പൊലീസ് അറസ്റ്റുചെയ്തു. തമിഴ്നാട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾ കോടതിയിൽ കീഴടങ്ങാൻ ഒരുങ്ങുന്നതിനിടെ ഇന്നലെ പുലർച്ചെ വാളയാറിൽ നിന്നാണ് പിടിയിലായത്. കേസിലെ ഏഴു പ്രതികളും ഇതോടെ പിടിയിലായി.
ഷംനയുടെ വീട്ടിലേക്ക് വരാൻ പ്രതികൾ ഉപയോഗിച്ച കാർ തൃശൂരിൽ നിന്നു കണ്ടെത്തിയിരുന്നു. ഷംനയ്ക്കു പുറമേ മറ്റു പല സ്ത്രീകളെയും പറ്റിച്ചു പണംതട്ടിയ സംഘത്തിന്റെ മുഖ്യ സൂത്രധാരൻ ഷെരീഫാണെന്ന് പൊലീസ് വ്യക്തമാക്കി. ഇയാൾ ഫോണിലൂടെയാണ് തട്ടിപ്പുകൾ ആസൂത്രണം ചെയ്തു നടപ്പാക്കിയിരുന്നത്. എട്ടു സ്ത്രീകളെ പാലക്കാട്ടെ ഹോട്ടലിലെത്തിച്ചു പണവും ആഭരണങ്ങളും തട്ടിയെടുത്ത കേസിലും മുഹമ്മദ് ഷെരീഫാണ് മുഖ്യപ്രതിയെന്ന് പൊലീസ് പറഞ്ഞു.
ഷംന കാസിമിന്റെ വീട്ടിൽ വിവാഹാലോചനയുമായി എത്തി തട്ടിപ്പുനടത്താൻ ശ്രമിച്ച കേസിൽ തൃശൂർ സ്വദേശികളായ റഫീഖ്, രമേശ്, ശരത്, അഷറഫ് എന്നിവരെയാണ് ആദ്യം പിടികൂടിയത്. പിന്നീട് വാടാനപ്പിള്ളി സ്വദേശികളായ അബൂബക്കർ, അബ്ദുൾ സലാം എന്നിവർ അറസ്റ്റിലായി. ഒടുവിലാണ് ഷെരീഫ് വലയിലായത്.
പ്രതികളിൽ നിന്ന് അഞ്ച് മൊബൈൽ ഫോണുകളും 30 സിംകാർഡുകളും പിടിച്ചെടുത്തിട്ടുണ്ട്. സ്ത്രീകളെ ഫോണിൽവിളിച്ചു തട്ടിപ്പുനടത്താനാണ് ഇവർ സിംകാർഡുകൾ ഉപയോഗിച്ചിരുന്നതെന്നും കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥയായ ഡി.സി.പി ജി. പൂങ്കുഴലി മാദ്ധ്യമങ്ങളോടു പറഞ്ഞു. പ്രതികൾക്ക് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് മോഡലിംഗ് രംഗത്തുള്ള യുവതി കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. ഇവർക്ക് സിനിമാ മേഖലയുമായി ബന്ധമുണ്ടെന്നും ആരോപണമുണ്ട്.
കേസിങ്ങനെ
ഷംന കാസിം ഉൾപ്പെടെയുള്ളവർ നൽകിയ പരാതിയിൽ വഞ്ചന, മനുഷ്യക്കടത്ത് തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. വാടാനപ്പിള്ളി സ്വദേശി അൻവറാണെന്നു പരിചയപ്പെടുത്തി ഒന്നാം പ്രതി റഫീഖ് ഷംനയെ ഫോണിൽ വിളിച്ചതാണ് തട്ടിപ്പിന്റെ തുടക്കം. തൃശൂരിലെ സമ്പന്ന വ്യവസായ കുടുംബത്തിലെ അംഗമാണെന്ന് ഷംനയെ പറഞ്ഞു വിശ്വസിപ്പിച്ച ഇയാൾ ഷംനയുടെ പിതാവിനോടും സഹോദരനോടും സംസാരിച്ചിരുന്നു. ജൂൺ മൂന്നിനാണ് പ്രതികൾ ഷംനയുടെ മരടിലെ വീട്ടിലെത്തിയത്. ഇതിനകം തന്നെ ഷംനയുടെ ബന്ധുക്കളുമായി ഇവർ അടുപ്പമുണ്ടാക്കിയിരുന്നു. പിന്നീടാണ് റഫീഖ് ഷംനയെ ഫോണിൽ വിളിച്ച് ഒരുലക്ഷം രൂപ ആവശ്യപ്പെട്ടത്. പണം നൽകാൻ തയ്യാറല്ലെന്നു വ്യക്തമാക്കിയ നടി ഇക്കാര്യം വീട്ടുകാരെ അറിയിച്ചു. വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ പ്രതികൾ പറഞ്ഞ പല കാര്യങ്ങളും കളവാണെന്ന് വ്യക്തമായി. എന്നാൽ തങ്ങൾ പറഞ്ഞുവിടുന്നയാളുടെ കൈയിൽ പണം നൽകിയില്ലെങ്കിൽ സമൂഹമാദ്ധ്യമങ്ങളിലൂടെ ഷംനയെ അപമാനിക്കുമെന്നും ഇവരുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തി. തുടർന്നാണ് ഷംനയുടെ അമ്മ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയത്.