കൊച്ചി: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതകഥ പറയുന്ന വിവാദചിത്രം വാരിയംകുന്നനിൽ നിന്ന് തിരക്കഥാകൃത്ത് റമീസ് ഒഴിവായതായി സംവിധായകൻ ആഷിക് അബു ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. റമീസിന്റെ രാഷ്ട്രീയനിലപാടുകളോട് വ്യക്തിപരമായി യോജിപ്പില്ല. അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധി സംശയത്തിന്റെ നിഴലിലായ സാഹചര്യത്തിൽ റമീസ് തന്നെ പൊതുസമൂഹത്തോട് വിശദീകരിക്കുമെന്നും ആഷിഖ് പറയുന്നു. അതേസമയം തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ സിനിമയെ ദോഷമായി ബാധിക്കുന്നു എന്നതിനാലാണ് വിട്ടുനിൽക്കുന്നതെന്നും തിരിച്ചുവരുമെന്നും റമീസ് ഫേസ്ബുക്കിലൂടെ മറുപടി നൽകി. സിനിമയുടെ നിർമ്മാതാക്കളെ ഔദ്യോഗികമായി വിവരങ്ങൾ അറിയിച്ചിട്ടുണ്ട്. പൃഥ്വിരാജ് നായകനായ ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ വലിയ വിവാദമുയർന്നിരുന്നു. തുടർന്ന് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന മറ്റ് മൂന്ന് സിനിമകൾ കൂടി പ്രഖ്യാപിക്കപ്പെട്ടിരുന്നു.