തൃശൂർ: 82-ാം വയസിലേക്ക് കാലെടുത്ത് വയ്ക്കുമ്പോഴും ജീവകാരുണ്യ, സാമൂഹിക സേവന മേഖലകളിൽ സജീവമാണ് ബാലൻ അമ്പാടത്ത്. പരേതയായ ഭാര്യ ലക്ഷ്മിഭായിയുടെ ഓർമ്മകളാണ് അദ്ദേഹത്തിന് എന്നും ഊർജ്ജം. ജീവിതത്തിൽ ഭാര്യ നൽകിയ സ്‌നേഹവും കരുതലും പ്രോത്സാഹനവും ജീവിതവിജയത്തിന്റെ വഴിവിളക്കായെന്ന് അദ്ദേഹം ഉറച്ചുവിശ്വസിക്കുന്നു. എല്ലാ സാമൂഹിക സേവനപ്രവർത്തനങ്ങളിലും ആ ഊർജ്ജം അദ്ദേഹത്തിന് വെളിച്ചം പകർന്നിരുന്നു. ആരെങ്കിലും വിദ്യാഭ്യാസത്തിനായി കഷ്ടപ്പെടുമ്പോൾ അവിടെ ഓടിയെത്തി വഴിവിളക്കാകാനും അവരിൽ ജീവിതത്തിന്റെ പ്രകാശം പരത്താനും അദ്ദേഹത്തിന് ഇന്നുമാകുന്നു. പിറന്നാൾ ആഘോഷങ്ങളേക്കാൾ പ്രവർത്തനമേഖലയിലെ സജീവതയാണ് അദ്ദേഹം എന്നും പ്രധാന്യത്തോടെ കാണുന്നത്. കൊവിഡ് കാലത്ത് വീട്ടിനുള്ളിലിരുന്നും അദ്ദേഹം നേതൃത്വം വഹിക്കുന്ന സംഘടനാ സംവിധാനങ്ങളെയെല്ലാം ഉത്തേജിപ്പിക്കാനും സമയം കണ്ടെത്തുന്നു. നെഞ്ചോട് ചേർത്ത ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങളെ പ്രവൃത്തിയിൽ കൊണ്ടുവരാനുളള വേളയായാണ് ഈ പിറന്നാളിനെയും അദ്ദേഹം കാണുന്നത്.