കൊച്ചി: സംസ്ഥാന സർക്കാരിനെതിരായ പ്രചാരണം ശക്തമാക്കാൻ ബി.ജെ.പി സംസ്ഥാന കോർകമ്മിറ്റി യോഗത്തിൽ തീരുമാനം. ഓരോദിവസവും നിലപാട് മാറ്റുന്ന സംസ്ഥാനത്തിന്റെ നയങ്ങൾ പ്രവാസികൾക്ക് ബുദ്ധിമുട്ടുകയാണ്. ഇതിനെതിരെ സംസ്ഥാന വ്യാപകമായി സമരങ്ങൾക്ക് നേതൃത്വം നൽകും. കൊവിഡിന്റെ മറവിൽ സംസ്ഥാന സർക്കാർ നടത്തുന്ന അഴിമതിക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ കൺസൾട്ടൻസിക്കായി സി.പി.എം നേതാക്കൾക്ക് ബന്ധമുള്ള ബഹുരാഷ്ട്ര കമ്പനി കെ.പി.എം.ജിക്ക് 6.82 കോടിയുടെ കരാർ നൽകിയത് കൊവിഡ് കാലത്തെ അഴിമതി പരമ്പരയുടെ ഉദാഹരണമാണ്. പമ്പയിലെ മണൽനീക്കലും തിരുവനന്തപുരത്തെ ടെക്‌നോസിറ്റിക്കായി ഏറ്റെടുത്ത സ്ഥലത്ത് കളിമൺ ഖനനം നടത്താനുള്ള തീരുമാനവും പിണറായി സർക്കാരിന്റെ അഴിമതിയുടെ നേർചിത്രങ്ങളാണ്.

ശബരിമല വിമാനത്താവളത്തിനായി സർക്കാർ ഭൂമിയായ ചെറുവള്ളി എസ്റ്റേറ്റ് ബിലിവേഴ്‌സ് ചർച്ചിൽ നിന്നും പണം കൊടുത്ത് ഏറ്റെടുക്കാനുള്ള സർക്കാരിന്റെ തീരുമാനം വൻഅഴിമതിയാണെന്ന് യോഗം വിലയിരുത്തി. ഇതിനെതിരെ നിലപാടെടുക്കാൻ മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജേശഖരൻ കൺവീനറും സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ, വൈസ് പ്രസിഡന്റ് ജി.രാമൻനായർ അംഗങ്ങളുമായി സബ്കമ്മിറ്റി രൂപീകരിച്ചു.