കോലഞ്ചേരി: കത്തിയാൽ കെടില്ല. കെട്ടാൽ കത്തുകയുമില്ല. ജില്ലയിലെ പകുതിയിലധികം വഴി വിളക്കുകളുടെയും സ്ഥിതിയാണിത്. തനിയെ കത്തുന്നതിനും കെടുത്തുന്നതിനും കെ.എസ്.ഇ.ബി സ്ഥാപിച്ച സ്ട്രീറ്റ് ലൈറ്റ് കൺട്രോളറുകളാണ് വില്ലന്മാരാകുന്നത്. പകുതിയിലധികവും തെരുവ് വിളക്ക് കൺട്രോളറുകളും പ്രവർത്തന രഹിതമാണ്.കൺട്രോൾ യൂണിറ്റുകൾ പ്രവർത്തന രഹിതമായതോടെ പല സ്ഥലങ്ങളിലും വഴിവിളക്കുകൾ കത്തിക്കിടക്കുന്നത് പതിവായി. ചിലയിടങ്ങളിൽ പഴയരീതിയിൽ ഫ്യൂസ് സ്ഥാപിച്ച് വിളക്കുകൾ പ്രവർത്തിപ്പിക്കാൻ തുടങ്ങി. എന്നാൽ ഇതിനായി പലപ്പോഴും വകുപ്പിലെ ജീവനക്കാർ എത്തുന്നില്ല. നാട്ടുകാരെയാണ് ഇത് ഏൽപ്പിച്ചിരിക്കുന്നത്. ഇത് നിയമപരമല്ല. മഴക്കാലത്ത് ഫ്യൂസ് കത്തുകയും ഊരുകയും ചെയ്യുന്നത് അപകടമുണ്ടാക്കുന്നതിനാൽ പലയിടത്തും വിളക്കുകൾ ഈ സമയത്ത് കത്തിക്കാറുമില്ല. കത്തിച്ചവ യഥാസമയം കെടുത്താതെ വൈദ്യുതിയും പാഴാവുന്നു.
#ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റും കേടായി
വൈദ്യുതി കാലുകളിൽ ഫ്യൂസുകൾ സ്ഥാപിച്ച് വഴി വിളക്കുകൾ കത്തിക്കുമ്പോൾ ഉണ്ടായിരുന്ന അപകടങ്ങളും കെടുത്താതെ കിടക്കുമ്പോൾ ഉണ്ടാകുന്ന വൈദ്യുതി നഷ്ടവും ഒഴിവാക്കാൻ 2011 മുതലാണ് ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ് കൺട്രോളറുകൾ ഏർപ്പെടുത്തിയത്. വൈദ്യുതി ബോർഡും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും പകുതി ചെലവ് വീതം വഹിച്ചാണ് പദ്ധതി നടപ്പാക്കിയത്. 2016 ഓടു കൂടി സംവിധാനം വ്യാപകമായി ഏർപ്പെടുത്തി.വൈദ്യുതി കാലുകളിൽ തന്നെ സ്ഥാപിക്കുന്ന കൺട്രോൾ സിസ്റ്റത്തിന്റെ ഗ്യാരന്റി അഞ്ച് കൊല്ലമായിരുന്നു. എന്നാൽ, ഇതിനു മുമ്പു തന്നെ പലതും കേടായി.
#അറ്റകുറ്റപ്പണി നടത്താൻ തയ്യാറാകുന്നില്ല
ഓരോ സിസ്റ്റത്തിലും മീറ്റർ, സെൻസർ, ടൈമർ എന്നിവയാണുള്ളത്. വൈദ്യുതി കമ്പികളിൽ കാറ്റിൽ മരക്കമ്പുകളും മറ്റും വീണ് ഷോർട്ട് സർക്യൂട്ട് ഉണ്ടാകുമ്പോഴാണ് കൺട്രോൾ സിസ്റ്റം കേടാവുന്നത്. എന്നാൽ, അറ്റകുറ്റപ്പണി നടത്താൻ ഇവ സ്ഥാപിച്ച ഏജൻസികൾ തയ്യാറാവുന്നില്ല. ഇതു ചൂണ്ടിക്കാണിക്കുന്നതിനോ പ്രശ്‌നം പരിഹരിക്കാനോ അധികൃതരും തയ്യാറായിട്ടില്ല.