കൊച്ചി : എറണാകുളം - അങ്കമാലി അതിരൂപതയിലെ പള്ളികളിൽ ജൂലായ് ഒന്നു മുതൽ നിയന്ത്രണങ്ങൾക്ക് വിധേയമായി ജനപങ്കാളിത്തത്തോടെയുള്ള ദിവ്യബലി ആരംഭിക്കും. സർക്കാർ മാർഗ നിർദ്ദേശങ്ങൾ വിശ്വാസികൾ പാലിക്കണമെന്നും അതിരൂപതയ്ക്കു വേണ്ടി ആർച്ച് ബിഷപ്പ് ആന്റണി കരിയിൽ പുറപ്പെടുവിച്ച അറിയിപ്പിൽ പറയുന്നു.
നിർദ്ദേശങ്ങൾ
കാർമ്മികനും ശുശ്രൂഷികളും ഗായകരും ഉൾപ്പെടെ പരമാവധി 25 പേർ മാത്രം.
നിർബന്ധമായും മാസ്ക് ധരിക്കണം.
എത്തുന്നവരുടെ വിവരങ്ങളും ഫോൺ നമ്പരും രജിസ്റ്ററിൽ രേഖപ്പെടുത്തണം.
ദേവാലയങ്ങളിലെ ഇരിപ്പിടങ്ങൾ സാമൂഹ്യ അകലം പാലിച്ചാകണം.
പത്തു വയസിൽ താഴെയുള്ളവരും 65 വയസിനു മുകളിലുള്ളവരും വരാൻ പാടില്ല.
തിരുക്കർമ്മങ്ങൾക്കു മുമ്പും ശേഷവും കാർമ്മികർ സാനിട്ടൈസർ ഉപയോഗിച്ച് കൈ കഴുകണം.
കൂടുതൽ ആളുകൾക്ക് പങ്കെടുക്കാനായി കുർബാനയുടെ എണ്ണം കൂട്ടാം.
കഴിയുന്നത്ര അകന്നു നിന്ന് കൈകൾ നിവർത്തിപ്പിടിച്ച് ഉള്ളം കൈയിൽ കുർബാന സ്വീകരിക്കാം.
രോഗവ്യാപന സാദ്ധ്യത കണ്ടാൽ പള്ളികൾ അടച്ചിടാം.
ആർച്ച് ബിഷപ്പ് ഹൗസിൽ നിന്ന് ഒാൺലൈൻ കുർബാന എല്ലാ ദിവസവും രാവിലെ 6.30 ന്
ഞായറാഴ്ചകളിൽ രാവിലെ 6.30 നും 8.30 നും വിശുദ്ധ കുർബന
തീരുമാനം നീട്ടി വെക്കണമെന്ന് സഭാ സുതാര്യ സമിതി
കൊവിഡ് വ്യാപനത്തിന്റെ തോത് വർദ്ധിക്കുന്ന സാഹചര്യത്തിൽ ജൂലായ് ഒന്നു മുതൽ എറണാകുളം - അങ്കമാലി അതിരൂപതയിലെ പള്ളികൾ തുറന്നു കൊടുക്കാനുള്ള തീരുമാനം നീട്ടിവെക്കണെമന്ന് സഭാ സുതാര്യ സമിതി ആവശ്യപ്പെട്ടു. ജനപങ്കാളിത്തത്തോടെ ചടങ്ങുകൾ നടത്തുന്നത് അപകടമാണെന്നും സമിതി പ്രസിഡന്റ് മാത്യു കരോണ്ടുകടവിൽ, ജനറൽ സെക്രട്ടറി റിജു കാഞ്ഞൂക്കാരൻ എന്നിവർ പറഞ്ഞു.