കോലഞ്ചേരി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇറക്കിയ വോട്ടർ പട്ടികയിൽ പഞ്ചായത്തിലെ മരിച്ചു പോയവർക്കും വോട്ടുണ്ട്. സമയ ബന്ധിതമായി വോട്ടർ പട്ടിക പൂർത്തിയാക്കാൻ കഴിയാത്തതിനാലാണ് ആക്ഷേപങ്ങളെന്നാണ് അധികൃതരുടെ പക്ഷം. വ്യാപകമായി അക്ഷര തെ​റ്റുകളും, വിലാസങ്ങളിലെ തെ​റ്റുകളും കടന്നുകൂടി.

പഞ്ചായത്തുകൾ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളും മ​റ്റുമായുള്ള തിരക്കിലായിരുന്നു. ഇതോടെ വോട്ടർ പട്ടിക നടപടികൾ തടസപ്പെട്ടു. ഒക്ടോബറിൽ തദ്ദേശ തിരഞ്ഞെടുപ്പ് നടത്താൻ സർക്കാർ തീരുമാനിച്ചതിനെ തുടർന്ന് 17 നാണ് പട്ടിക പ്രസിദ്ധീകരിച്ചത്. മുൻ ആക്ഷേപങ്ങളും പരാതികളും പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. കൊവിഡിന്റെ പശ്ചാത്തലത്തിൽ സമയബന്ധിതമായി പേര് ചേർക്കാൻ കഴിയാത്തവരുമുണ്ട്. ഒക്ടോബറിന് മുമ്പ് 2 തവണ പേര് ചേർക്കുന്നതിനും ആക്ഷേപങ്ങൾ സ്വീകരിക്കുന്നതിനും അവസരം നൽകുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിട്ടുണ്ടങ്കിലും നിലവിൽ തിരഞ്ഞെടുപ്പു കമ്മിഷന്റെ സൈ​റ്റിൽ ഇതിനുള്ള സംവിധാനം ഉൾപ്പെടുത്തിയിട്ടില്ല.തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക അതാതു തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ തന്നെയാണ് തയ്യാറാക്കുന്നത്. 18 വയസ് പൂർത്തിയായ പുതിയ വോട്ടർ കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തിരുന്നെങ്കിൽ പോലും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനായി വീണ്ടും രജിസ്​റ്റർ ചെയ്യേണ്ടി വരും. കൊവിഡ് നിയന്ത്രണങ്ങൾ വന്നതോ‌ടെ വോട്ടർ പട്ടികയിൽ പേരു ചേർക്കേണ്ട അവസാന ദിവസമായിരുന്ന കഴിഞ്ഞ ഫെബ്രുവരിയിൽ ഓൺ ലൈൻ വഴി അപേക്ഷിച്ച് രേഖകൾ ഹാജരാക്കാൻ പറഞ്ഞിരുന്ന പലർക്കും ഓഫീസുകളിൽ എത്താൻ കഴിഞ്ഞിരുന്നില്ല. ഇവരിൽ പലർക്കും നിലവിൽ പട്ടികയിൽ പേരില്ല. വീണ്ടും അവസരമുണ്ടെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോഴും ആശ്വസിപ്പിക്കുന്നത്.