bridge
നാലാംമൈൽ വ്യവസായ മേഖലയിലെ തകർന്ന റോഡും കൈവരിയില്ലാത്ത പാലവും

ആലുവ: നാലാംമൈൽ വ്യവസായ മേഖലയിൽ തകർന്ന റോഡും കൈവരിയില്ലാത്ത ഇടുങ്ങിയ പാലവും അപകടക്കെണിയൊരുക്കുന്നു. വർഷങ്ങളായി ഇതൊന്നും കണ്ടിട്ടും അധികാരികൾക്ക് അനക്കമില്ല. എടത്തല - കിഴക്കമ്പലം ഗ്രാമപഞ്ചായത്തുകളെ വേർതിരിക്കുന്ന പാലമായതിനാൽ രണ്ട് പഞ്ചായത്തുകളും പാലവും റോഡും പുതുക്കിപ്പണിയുന്നതിന് നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.എം.ഇ.എസ് കവലയിൽ നിന്നും മലയിടംതുരുത്ത്, പുക്കാട്ടുപടി ഭാഗത്തേക്ക് പോകുന്ന റോ‌ഡിന് കുറുകെയാണ് പെരുമ്പാവൂർ ഭാഗത്ത് നിന്നും വരുന്ന കാക്കനാട് ഇടപ്പള്ളി ബ്രാഞ്ച് കനാൽ പോകുന്നത്. ഏകദേശം അഞ്ച് മീറ്റർ വീതിയുള്ള പാലം പതിറ്റാണ്ടുകൾക്ക് മുമ്പ് നിർമ്മിച്ചതാണ്. പിന്നീടാണ് ഇവിടം വ്യവസായ മേഖലയായതും. താരതമ്മ്യേന ജനവാസം കുറഞ്ഞ ഇവിടെ വ്യവസായ സ്ഥാപനങ്ങളിൽ പണിയെടുക്കുന്ന അന്യസംസ്ഥാനക്കാരാണ് കൂടുതലും. ഇവർക്ക് വേണ്ടി എന്തിന് ബുദ്ധിമുട്ടി പാലവും റോഡും പണിയണമെന്ന ചിന്തയാണ് ചില ജനപ്രതിനിധികൾക്ക്

#കൈവരിയില്ലാത്തപാലവും

തകർന്ന റോഡും

ചെറുതും വലുതുമായ നിരവധി സ്ഥാപനങ്ങളാണ് ഇവിടെ പ്രവർത്തിക്കുന്നത്. അതിനാൽ ഇങ്ങോട്ടുള്ള ചരക്കുവാഹനങ്ങളും കുറവല്ല. റോഡിലെ ഭീമൻ കുഴിയിൽ ചാടി ആടിയുലഞ്ഞാണ് കൈവരിയില്ലാത്ത പാലത്തിലൂടെ വാഹനങ്ങൾ കടന്നുപോകുന്നത്.ഈ സമയം കാൽനട യാത്രികർക്ക് പോലും കടന്നുവരാനാകില്ല. അത്രയേറെ ഇടുങ്ങിയ പാലത്തിൽ അപകടം ഒളിഞ്ഞിരിക്കുകയാണ്.

#നടപടിയില്ലെങ്കിൽ സമരത്തിലേക്ക്

അപകടാവസ്ഥയിലുള്ള പാലം പുതുക്കിപ്പണിയാനും റോഡ് അറ്റകുറ്റപ്പണി നടത്താനും അടിയന്തര നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സമീപത്തെ ചുമട്ടുതൊഴിലാളികൾ രംഗത്ത് വന്നിട്ടുണ്ട്. അല്ലാത്ത പക്ഷം ശക്തമായ സമരം ആരംഭിക്കും.

ബീരാൻകുഞ്ഞ്, സി.ഐ.ടി.യു ഏരിയ കമ്മിറ്റിയംഗം