ആലുവ: കീഴ്മാട് പഞ്ചായത്ത് 12 -ാം വാർഡിലെ തകർന്ന് കിടക്കുന്ന മുതിരക്കാട് റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി വാർഡ് കമ്മറ്റി പ്രതീകാത്മക ഹോമം സംഘടിപ്പിച്ചു. നാല് വർഷം മുമ്പ് ടാറിംഗ് നടത്തിയ റോഡ് നിർമ്മാണത്തിലെ അപാകതയെ തുടർന്നാണ് റോഡ് വേഗത്തിൽ പൊട്ടിപൊളിഞ്ഞതെന്നാണ് ആക്ഷേപം. മാത്രമല്ല റോഡിലെ വെള്ളകെട്ട് മൂലം ഇതുവഴിയുള്ള കാൽനട യാത്രയും ദുഷ്‌ക്കരമാണ്. ഇതേതുടർന്ന് നേരത്തെ ബി.ജെ.പി റോഡിൽ വട്ട ചെമ്പ് ഇറക്കി പ്രതിഷേധിച്ചിരുന്നു. സമരത്തിന്റെ രണ്ടാം ഘട്ടമായാണ് ഹോമം നടത്തിയത്. ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.എസ്. മണി അദ്ധ്യക്ഷനായി. യുവമോർച്ച സംസ്ഥന സെക്രട്ടറി ദിനിൽ ദിനേശ്, വിജയൻ മുള്ളംകുഴി, എ.എസ്. സാലി മോൻ, രാജീവ് മുതിരക്കാട്, എം.വി. ഷിബു, ബേബി നമ്പേലി, ഷൈൻ മോൻ തുടങ്ങിയവർ സംസാരിച്ചു.