പറവൂർ: വരാപ്പുഴ പഞ്ചായത്ത് പരിധിയിൽ കൊവിഡ്-19 രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മേഖലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനും നിരീക്ഷണം കൂടുതൽ കാര്യക്ഷമമാക്കാനും പഞ്ചായത്ത് വിളിച്ചു ചേർത്ത അടിയന്തര സർവകക്ഷി യോഗം തീരുമാനിച്ചു. നിയന്ത്രണങ്ങളിൽ വീഴ്ച്ച വരുത്തിയവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും. വരാപ്പുഴ മത്സ്യമാർക്കറ്റിൽ മൊത്തവ്യാപാരം പുലർച്ചെ മൂന്ന് മുതൽ ഏഴു വരെയും ചെറുകിട കച്ചവടം രാവിലെ അഞ്ച് മുതൽ വൈകിട്ട് ഏഴ് വരെയുമായിരിക്കും. പ്രതിരോധ നടപടികളം പാലിക്കേണ്ട നിയമങ്ങൾ മാർക്കറ്റിൽ മൈക്ക് അനൗൺസ്മെൻറിലൂടെ അറിയിക്കുന്നതിന് സ്ഥിരം സംവിധാനം ഏർപ്പെടുത്തും. മാർക്കറ്റിൽ തിരക്ക് നിയന്ത്രിക്കുന്നതിന് കൂടുതൽ വാർഡൻമാരെ നിയമിക്കുവാനും തിരക്കുള്ള സമയത്ത് പൊലീസിന്റെ സ്ഥിര സാന്നിദ്ധ്യവും ഉറപ്പുവരുത്തും. അന്തർ സംസ്ഥാന - ജില്ലാ വാഹനങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യും. ഒരു വീട്ടിൽ നിന്നും ഒരുമിച്ചു വരുന്നതിൽ ഒരാൾക്ക് മാത്രമായിരിക്കും മാർക്കറ്റിലേക്ക് പ്രവേശനം. കുട്ടികളെ അനാവശ്യമായി പൊതുഇടങ്ങളിലേക്ക് കൊണ്ടുവരുന്നതിന് കർശന നിരോധനം ഏർപ്പെടുത്തും. മാർക്കറ്റിലേക്കുള്ള വൺവേ പ്രവേശന സമ്പ്രദായം ഏർപ്പെടുത്തും. കടയുടമകളും, തൊഴിലാളികളും, മാസ്കും, കൈയുറകളും ധരിക്കുകയും സാനിറ്റൈസർ ലഭ്യമാക്കുകയും ചെയ്യണമെന്നും സർവകക്ഷിയോഗം തീരുമാനിച്ചു. ജനപ്രതിനിധികൾ, പൊലീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, പഞ്ചായത്തുതല ഉദ്യോഗസ്ഥർ, വ്യാപാര സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.